ഹിമാലയ യാത്രയ്ക്ക് കൃത്യം പത്ത് ദിവസം മുമ്പ് വീണ്ടും ഹിമാലയം വിളിക്കുന്നു! യാത്ര പോകുന്നതെന്തിനാണ്? അനുഭവങ്ങൾഉണ്ടാകാനാണ് എന്ന് പറയാറുണ്ട്. യാത്ര തന്നെയാണ് അനുഭവം. ഒരോ ഒറ്റയ്ക്കുള്ള യാത്രകളും ഒരോ പാഠമാണ്, അറിയാത്ത നാടുകൾ, ആളുകൾ, ഭാഷകൾ. ആ അജ്ഞാത ഭൂമികയിൽ എന്റെ ശരീരവും ആത്മാവും മാത്രം. എല്ലാ നാടും, നാട്ടുകാരും, ഭാഷയും പ്രകൃതിയും, ഒന്നാണെന്നു തിരിച്ചറിയാൻ ഉള്ള ഇടവേളയിലാണ് ഞാൻ എന്നെ തിരിച്ചറിയുന്നത്. ഇത്രയും കാലം അജ്ഞാതമായ ഒരു ബോധബിംബം തെളിഞ്ഞു വരുന്നു. അതു എന്നോടു മിണ്ടി തുടങ്ങുന്നു, എന്നെ അഭിനന്ദിക്കുന്നു, വിമർശിക്കുന്നു, പരിഭവിക്കുന്നു. ഇടയ്ക്കിടെ ചോദിക്കുന്നു എന്താണ് നിനക്കൊരപരിചിതത്വം എന്ന്? ഞാൻ തന്നെയല്ലെ നീയെന്ന് ? ബോധം ഒരു സാക്ഷിയായി എന്നുമുണ്ടായിരുന്നു. ഉണർവ്വിലും , ഉറക്കത്തിലും നിഴൽ പോലെ. എന്നാൽ ആ ബോധ സാക്ഷിയെ കണ്ടത്, കേട്ടത് ,അറിഞ്ഞത് യാത്രയിലാണ് ഒറ്റയ്ക്കുള്ള യാത്രയിൽ. മൂന്നുലോകങ്ങളും സ്വദേശമാണെന്ന് പഖ്യാപിച്ച ശങ്കര ഭഗവദ്പാദരും, അലയുന്നതിലെ പൊരുൾതേടിയ ദർവീഷുകളും, നീ ആദ്യം അലഞ്ഞു തെണ്ടി വാ, എന്നിട്ടാകാം സന്യാസ ദീക്ഷ എന്ന് പരിവ്രാജകരോട് പറഞ്ഞ സനാതന പരിത്യാഗികളും, ...