ഖാന്തം അഥവാ കാന്തം


'കോറൻ്റൈൻ കാലത്തെ കഥകൾ' പ്രതിലിപി മത്സരം സംഘടിപ്പിച്ചാൽ മിനിമം ഒരു കഥയെഴുതണമെന്നാണ്. ദാ പിടിച്ചോ മ്മളെ കഥ ന്ന് കരുതി പെനെടുത്ത് കുലച്ച്! ഛെ, മൂടി തുറന്ന് കടലാസിൽ വെച്ചു....

'അന്നൊരു രാത്രിയായിരുന്നു.... ( ''അതിനിപ്പോ എന്തു വേണം??? "
ഈ നിരൂപഹയ മനസ്സ് ഓഫാക്കി വെച്ചിലെങ്കിൽ കഥ പോയിട്ട് ഒരു വരി പോലും വരില്ല! സോ, സ്വിച്ചിംഗ് ഓഫ് ദിസ് സിനിക്കൽ ലോജിക്ക്, ഹല്ല പിന്നെ!)

മഴയുളള കനത്ത തീ മിന്നൽ നിലത്തു വീണുടയുന്ന ശബ്ദം കേട്ട് ബേസിൽ കട്ടിലിൽ നിന്നെഴുന്നേറ്റു.... ( "മോനേ, വോൾട്ടയർ, മോണ്ടസ്ക്യു, തർക്കോവസ്ക്കി, ശ്യാം പുഷ്ക്കരൻ എന്നീ മഹാരഥൻമാരൊക്കെ എന്തെല്ലാം സുന്ദര സുരഭില വിപ്ലവ കാർക്കോടക ഐഡിയകളൊക്കെ എഴുതുന്നതാണെൻ്റെ സുഹൃത്തേ! നിൻ്റെ വായ അടയ്ക്കണമെന്ന് ഞാൻ പറയുന്നില്ല പക്ഷെ മേൽപ്പറഞ്ഞ ടിയാൻമാരെയൊക്കെയോർത്ത് നീ എൻ്റെ വായ ഒന്നടച്ചു വെക്കൂ!" ചെവിയിൽ തിരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ എൻ്റെ തൂലിക ചെവിയിൽ ചൊല്ലിയത് ഞാൻ വ്യക്തവും വടിവൊത്തതായും കേട്ടു ! )

ശുഭം ! അപ്പോ പ്രതിലിപിയ്ക്ക് കഥയുമില്ല, കവിതയുമില്ല! ആസ്വാദക ലോകമേ നിങ്ങൾക്കിതു കേൾക്കാൻ വിധിയില്ല! നഷ്ട്ടം നിങ്ങൾ സഹിക്കുക!

തൂലികയെടുത്ത് മാറ്റി വെച്ച് അസ്തിത്വ പ്രശ്നങ്ങളെ കുറിച്ചോ ചക്കക്കുരു കറി കൊണ്ട് ഉണ്ടാക്കിയ സ്വാദിഷ്ടമായ രാത്രിയൂണിൻ്റെ അലാറം മാതൃകണ്ഠത്തിൽ നിന്നും ഉയരുന്നുണ്ടോ എന്നും ഓർത്ത് ദൃഷ്കളാഞ്ചിതനായി താടിക്കൊരു താങ്ങ് കൊടുത്തങ്ങിനെ ഇരിക്കുമ്പോൾ

'ശൂ.... ശൂ... 'എന്നൊരു ശബ്ദം

ഇതാരാണപ്പാ ഈ നേരത്ത് ?

മാതൃകണ്ഠം ?...നോ നെവർ !

പേപ്പർ വെയിറ്റ് വെച്ച സൈക്കിൾ ഡൈനാമോയുടെ ഉള്ളിൽ കിട്ടുന്ന കാന്തം!

കഥാവശേഷനായും സർവ്വോപരി തൂലികയുടെ സഭ്യമായ കർണ്ണാനന്ദകരമായ ചീത്ത കേട്ട് അസ്ത പ്രജ്ഞനായും ഇരിക്കുന്ന പാവമാം ഈ എൻ്റെ മാതാവിനെയും വന്ദ്യ പിതാവിനെയും സ്മരിക്കരുതെൻ്റെ പൊന്ന് പേപ്പർ വെയ്റ്റ് കാന്തമേ...

"ങും, നിനക്കതിൻ്റെ കുറവുണ്ട്, പക്ഷെ ഇപ്പോ വിളിക്കുന്നില്ല!
അല്ല മാൻ, നിൻ്റെ ഈ അപ്രകാശിത ചവറുകൂനയ്ക്ക് മുകളിൽ ഇത്രനാളും അടയിരുന്ന എന്നെ കുറിച്ച് ഒരു കഥ? വേണ്ട കഥ എഴുതാനുള്ള ആമ്പിയർ നിനക്കില്ല എന്നെനിക്കറിയാം, ഒരു ചിന്ന അനുഭവം എഴുതി കൂടെ ടാ പുന്നാര സാഹിത്യ സിംഹമേ?''

അനുഭവമോ, നിന്നെ കുറിച്ചോ?

''ങും,അനുഭവം തന്നെ, ഓർമയില്ല അല്ലെ?''

വിശന്നിട്ട് ആവും ഓർമ്മ ഒട്ടും വരുന്നില്ല!

''വേണ്ട ഞാൻ പറയാം, നീ കേൾക്ക്,

ഒരു 23 കൊല്ലം മുമ്പ് എന്ന് വെച്ചാൽ നീ ഒന്നാം ക്ലാസിൽ പഠിക്കുന്ന സമയം''

ഹയ്യോ ഡാർക്ക് ഡാർക്ക് ....

'' ങാ...അപ്പൊ അത് ഓർമ്മയുണ്ട്, ല്ലേ''

ണ്ട്, ണ്ട് നല്ല ഓർമ്മയുണ്ട്

'' എന്നാ ഇനി മിണ്ടാതെ കേൾക്ക്,
മെയ് ഒന്നാം തീയതി, മെയ്ദിനം അല്ല റിസൾട്ട് വരുന്ന ദിവസം, ഒന്നാം ക്ലാസുകാരനെന്ത് റിസൾട്ട് ല്ലേ?
ആ അഹങ്കാരത്തിൽ നീ ഓടിച്ചെന്ന് ഫോണെടുത്ത് അച്ഛാ ജയിച്ചോ എന്ന് ചോദിച്ചപ്പോൾ കേട്ടത് ഇല്ല്യ തോറ്റു എന്നാണ്''

ഒന്നാം ക്ലാസിൽ തോൽപ്പിച്ചു അത്രേ വെടിവെച്ചു കൊല്ലേണ്ട അവരെ?

'' അടങ്ങ് ഭൈരവാ....രോഷാകുലനാവാൻ ഞാൻ നിനക്ക് പിന്നെ അവസരം തരാം ഇപ്പോൾ ഞാൻ പറയുന്നത് നീ കേൾക്ക്''

ശരി, പറയ്...

''ഒരു നല്ല കഥാകാരൻ ആവാൻ ജീവിതാനുഭവങ്ങൾ വേണം നല്ല നിരീക്ഷണം വേണം നമുക്ക് ചുറ്റുമുള്ള ആളുകൾ സുഹൃത്തുക്കൾ ശത്രുക്കൾ അങ്ങനെ പരിചയം പോലും ഇല്ലാത്തവരെ കഥാപാത്രമാക്കി പഠിക്കാനുള്ള മനസ്സ് വേണം അതൊക്കെ അവതരിപ്പിക്കാനുള്ള പ്രതിഭ ഉണ്ടാവണം, അല്ല അതെന്തായാലും ഇല്ല! അത് പോട്ടെ അതാണ് പറയുന്നത് ശ്രദ്ധിച്ചു കേൾക്കുക''

ശരി കാന്താ, അല്ല കാന്തമേ അവിടുന്ന് പറഞ്ഞാലും...

'' ഒരു ഏഴുവയസ്സുകാരനായ നിനക്ക് താങ്ങാവുന്നതിലും വലുതാണ് നീ കേട്ടത് തോറ്റു പോവുക! അതും വിദ്യയിൽ പിച്ചവെച്ചു തുടങ്ങിയ ഉടനെതന്നെ... അച്ഛൻറെ വീട്ടിലെ എല്ലാ പുന്നാരവും ലാളനയും കൊഞ്ചലും കൊണ്ട് നീ വഷളായി... എന്ന് നിൻ്റെ കുഞ്ഞു മനസ്സ് കാണാതെ കൂടിനിന്നവർ കൂട്ടംകൂടി വട്ടം പറഞ്ഞു ... ലോകം അങ്ങനെയാണ് ഭായി, വീണവർ ആരുമാകട്ടെ ഒരു കരുണയും പ്രതീക്ഷിക്കരുത്... കൂടിനിന്നവർക്കത് ഒരു രസമാണ് കൂടി നിന്ന് കുറ്റം ചാർത്തൽ''

എല്ലാം ഓർമ്മയുണ്ട്, എൻ്റെ കഥയല്ലേ, ഇനി ഞാൻ പറയാം....

'' ശരി പറഞ്ഞൊ, നിൻ്റെ മാത്രമല്ല എൻ്റെയും കഥയല്ലേ... ഞാൻ പറഞ്ഞു വന്ന ഫ്ലോ കളയാതെ പറഞ്ഞൊ''

ഒന്നാം ക്ലാസ്സിൽ തോറ്റ എന്നെ അച്ഛൻ്റെ വീട്ടിൽ നിന്നും അമ്മയുടെ വീട്ടിൽ കൊണ്ടുവന്നാക്കി അച്ഛനുമമ്മയും സ്കൂട്ടായി.. ഈ വലിയ കൂട്ടുകുടുംബം അന്ന് എനിക്കൊരു ജയിലു പോലെയാണ് അനുഭവപ്പെട്ടത്
'ലാളന വിമുക്ത ദുർഗുണപരിഹാര കേന്ദ്രം'

സ്കൂൾ തുറന്നു... പതിവുപോലെ വീട്ടിൽ നിന്ന് സ്കൂൾ വരെ കൂട്ട് മൺസൂൺ പെയ്യ്ത്ത്... ഘനമുള്ള ഓരോ തുള്ളികൾക്കുള്ളിലും ഞാൻ അകപ്പെട്ടുപോകുന്ന ഏകാന്ത മൗനമായിരുന്നു ഹൃദയം മുഴുവൻ ...
പക്ഷെ പുതിയ സ്കൂളിലെ ഹെഡ്ടീച്ചർ പറഞ്ഞു....

''ഒന്നിൽ തോൽപ്പിക്കുകയോ? ഈ കുഞ്ഞിനെ, ഏതു ദുഷ്ടന്മാർ ആണ് ഇത് ചെയ്തത് ഇവനെ രണ്ടാം ക്ലാസിൽ ഇരുത്തിയാൽ മതി''

ഇന്ന് ഓർക്കുമ്പോഴും അത് അന്ന് തന്ന സന്തോഷം ചെറുതല്ല, ഒട്ടും, പ്രധാനാധ്യാപികയുടെ ഔദാര്യം കൊണ്ട് രണ്ടാം ക്ലാസിൽ! പതിനാറ് കുട്ടികളുള്ള ക്ലാസ്സിൽ കാൽകൊല്ലപരീക്ഷ കഴിഞ്ഞ് മാർക്ക് വന്നപ്പോൾ പതിനാറാമൻ!
കൂട്ടിന് പതിനഞ്ചാം റാങ്ക് കിട്ടിയ മുസ്തഫ!

വീട് ഒരു ജയിൽ സ്കൂൾ ഒരു തുറന്ന ജയിൽ! ഞാൻ മുസ്തഫയെ മാത്രമേ കണ്ടുള്ളൂ മുസ്തഫ എന്നെയും, ഞങ്ങൾക്ക് രണ്ടുപേർക്കും എല്ലാ വിഷയവും കണക്കാണ്, കണക്ക് ആണെങ്കിൽ പ്രത്യേകിച്ചും കണക്കാണ്! കോൺട്രാക്ടറുടെ മോൻ വി പി വിഭീഷിന് പൈതൃകമായി കണക്ക് കിട്ടിയിട്ടുണ്ട്, അതുകൊണ്ട് ഓൻ്റെ കണക്ക് തെറ്റില്ല എന്നും, മീൻ വിൽക്കുന്ന അച്ഛൻറെ പൈതൃകം കൊണ്ട് മുസ്തഫയുടെ കണക്ക് കണക്ക് ആവുന്നതും. ഒന്നാം ക്ലാസിലേ... തോറ്റത് കൊണ്ട് എൻ്റെ കണക്ക് കണക്കാവുന്നതിൻ്റയും ആധുനിക മനശാസ്ത്രത്തിലെ രണ്ട് പ്രബന്ധങ്ങൾ, രണ്ടാം ക്ലാസിലെ ഡൂക്കിലി കണക്ക് പഠിപ്പിക്കുന്നതിനിടയിൽ ടീച്ചർ പുട്ടിനു പീര പോലെ നിറച്ച് ക്ലാസിന് കൊഴുപ്പേകി.. ഇതൊക്കെ സഹിക്കാമെങ്കിലും കണക്ക് തെറ്റിച്ചാൽ ഞങ്ങളുടെ രണ്ടുപേരുടെയും തലപിടിച്ച് 'ഠിം' എന്ന് കൂട്ടിമുട്ടിച്ച് ആ മുഴക്കം തീരുന്നതിനുമുമ്പ് ചന്തിക്ക് രണ്ടടിയും, ഒപ്പം കൂടെയുള്ള മാന്യമഹാ തീക്കുട്ടി പിശാചുക്കളുടെ ചിരിയും കൂടിയാകുമ്പോൾ സാമാന്യം നല്ല അനുഭവമായി രണ്ടാം ക്ലാസ് ജീവിതം കടന്നു പോയി...

മൂന്നാം ക്ലാസിൽ രണ്ട് കുട്ടികൾ അധികം ചേർന്നു. അങ്ങനെ ഞങ്ങൾ പതിനെട്ട് പേരായി ഒപ്പം ഞങ്ങളുടെ റാങ്ക് പതിനഞ്ചും പതിനാറും എന്ന കേവലം തുച്ഛമായ സംഖ്യയിൽ നിന്ന് പതിനെഴും പതിനെട്ടുമായി ഉയർന്നു. മുസ്തഫയും ഞാനും കന്നാസും കടലാസും പോലെ ക്ലാസിൻ്റെ ഒരു മൂലയ്ക്ക്. പഠിപ്പികളും പഠിപ്പിണികളും ഞങ്ങളിൽ നിന്ന് കൃത്യമായ സോഷ്യൽ ഡിസ്റ്റൻസ് പാലിച്ച് ബുദ്ധിശൂന്യത പടരാതിരിക്കാനുള്ള ജാഗ്രത നിസീമം പുലർത്തി വന്നു.. ഭയമല്ല ജാഗ്രതയാണ് അവർ കാണിച്ചത്.

ഒരു നാൾ ഒരു വെള്ളിയാഴ്ച, സ്വതവേ രാവിലെ ഒമ്പതരയ്ക്ക് രണ്ട് മിനുട്ട് ബാക്കിയുളളപ്പോൾ സ്കൂളിലെത്തുന്ന ഞാൻ, അന്ന് ഒമ്പത് മണിക്ക് എത്തി. എത്തി പോയി എന്ന് പറഞ്ഞാൽ മതിയല്ലോ. ഞങ്ങളുടെ ബെഞ്ചിൽ ഒരു ആൾക്കൂട്ടം!

എന്താണത് ? പുറകിലെ ബെഞ്ചിൽ ആയിപ്പോയത് പഠനത്തിലെ മികവു കൊണ്ടാണല്ലോ? അല്ലാതെ ഉയരം കൂടി പോയതിനാൽ അല്ലാത്തതുകൊണ്ട് കുറുക്കാസ് ആയ ഞാൻ വി പി വിഭിഷിനെയും, കെ പി സഞ്ജുവിനെയും, നിതീഷ് മേനോനെയും ( ക്ലാസിലെ ഹിഡിംബൻമാർ അവരാണ് ) പതുക്കെ തള്ളി നീക്കി പഠിപ്പിണികളും സർവോപരി സുന്ദരികളുമായ പെൺകുട്ടികളുടെ ഇടയിലൂടെ അങ്ങോട്ട് പാർത്തു നോക്കി.

ഹൃദയം സ്തംഭിച്ച് പോകുന്ന കാഴ്ച ! ഒരു വെളുത്ത കടലാസ്സിൽ കുറേ കറുത്ത മണൽ തരികളിട്ട് മുസ്തഫ പേപ്പറിനടിയിലൂടെ കൈ ഓടിക്കുന്നു, പട്ടാളക്കാർ മാർച്ച് ചെയ്യുന്ന പോലെ ആ തരികൾ അവൻ്റെ കൈക്കൊപ്പം നീങ്ങുന്നു. മഹാ പഠിപ്പിസ്റ്റുകളുടെ കണ്ണിൽ അതുകണ്ടപ്പോൾ കണ്ട അത്ഭുതം എന്നിലേക്കും പടർന്നു. പക്ഷേ തലയ്ക്കു തീപിടിച്ചത് രഹസ്യ ( പരസ്യമായി പറയാൻ പോയിട്ട് ഒന്നു നോക്കാൻ പോലും പേടിയാണ് ) ആരാധനകൾ ഏറ്റുവാങ്ങി കൊണ്ടിരുന്ന ക്ലാസ്സിലെ സുന്ദരി, ടീച്ചർമാരുടെ കണ്ണിലുണ്ണിയുടെ കണ്ണിലുണ്ണികൾ രണ്ടും മുസ്തഫയുടെ കരചലനങ്ങൾക്ക് ഒപ്പം ചലിക്കുന്ന ആ ദൃശ്യം കണ്ടിട്ടാണ് ഈശ്വരാ മഹാ തോൽവി ആണല്ലോ എൻ്റെ കാര്യങ്ങൾ!

അന്ന് ഞാൻ ഒന്നും കേട്ടില്ല, ഒന്നാം പീരിയഡ് കഴിഞ്ഞു, നീലാകാശം പീലി വിരിക്കുകയോ പച്ചത്തെങ്ങോലയാടുകയോ എന്തൊക്കെയോ ചെയ്തു ! ലിയയുടെ കണ്ണുകൾ ഇടയ്ക്കിടെ ഞങ്ങളുടെ ബെഞ്ചിലേക്ക് ഏറു കണ്ണേയ്യുന്നതും, അതിനു മറുപടിയായി മുസ്തഫ അവൻ്റെ പുഴുപ്പല്ല് വന്ന തൊള്ള തുറന്നു ചിരിക്കുന്നതും മാത്രമേ എനിക്ക് ഓർമ്മയുള്ളൂ.. ഈ ബ്ലഡി ഫൂളിൻ്റെ നിലവാരം കയ്യിലുള്ള ഈ വിചിത്ര വസ്തു മാറ്റി കളഞ്ഞല്ലോ ദൈവമേ എന്ന് എത്രയോ തവണ മനസ്സിൽ പിറുപിറുത്തു... ഒടുവിൽ രഹസ്യമായി എല്ലാവിധ ചമ്മലോടും കൂടി ഞാനവനോട് ചോദിച്ചു.

അല്ല ചങ്ങായി ഇതെന്തു സാനം ?
''ഏത്''
അല്ല പേപ്പറിൻ്റെ അടിയിൽ വച്ച് പിടിച്ച സാനം?
"ഓ അത് അത് 'ഖാന്തം' "
എന്ത് ത്തും?
"ഖാന്തം"
ന്നു വെച്ചാൽ ?

" അതൊരു കല്ലാണ്, വാപ്പ കൊണ്ടുവന്ന് തന്നതാ ''

അവൻ ആ പോക്കറ്റിൽ കയ്യിട്ട് ആ വിചിത്ര വസ്തു പുറത്തെടുത്തു, ശരിയാണ് ഒരു കറുത്ത കഷണം കല്ല്.

"ഇത് ഇരുമ്പുമ്മുലൊക്കെ പറ്റിപ്പിടിക്കും"

ന്നു വെച്ചാൽ ?

"അൻ്റെ ബാഗിൻ്റെ സിബ്ബ് കാണിക്ക്... "


ഞാൻ ബാഗ് അവൻറെ അടുത്തേക്ക് നീക്കി വെച്ചു അവൻ ആ കല്ല് സിബിൻ്റെ മേലെ വെച്ചു. കല്ലതിൻ്റെ മേലെ ഒട്ടിപ്പിടിച്ചു! ഞാൻ പതുക്കെ പിടിച്ചു വലിച്ചു നോക്കി വരുന്നില്ല!

അല്ലടാ പശ ഒന്നുമില്ലാതെ ഇത് എങ്ങനെയാ ?

''ങാ അതാണ് മോനെ മേജിക്, ഇതിനു ശക്തിയുണ്ട്''.

ഇത് എവിടുന്നാ കിട്ടിയേ ?

"വാപ്പ പറഞ്ഞത് ഇത് റേഡിയോൻ്റെ ആത്ത് ണ്ടാവുന്നാ , അയിനെ കൊണ്ടാണ് റേഡിയോയ്ക്ക് പാട്ടുപാടാനുള്ള ശക്തി കിട്ടുന്നത്!"

പാട്ടുപാടാൻ ഉള്ള ശക്തി ഒന്നും വേണ്ട, പക്ഷേ ഖാന്തം എങ്ങനെയെങ്കിലും സംഘടിപ്പിക്കണം!

സ്കൂൾ വിട്ടു വീട്ടിലെത്തി ചായകുടിച്ചു എന്ന് വരുത്തി ഒരൊറ്റ പോക്കാണ് മോളിലെ മൂത്തമ്മയുടെ മുറിയിലേക്ക്, അവരിവിടെ അല്ല താമസം, പക്ഷേ മൂത്തച്ഛൻ ഇടയ്ക്ക് വരുമ്പോൾ കേൾക്കാൻ വേണ്ടി വാങ്ങി വച്ച ഒരു ഫിലിപ്സ് റേഡിയോ ഉണ്ട്. അന്ന് അതിന് ആയിരം ഉറുപ്പിക വിലയുണ്ടായിരുന്നു ന്നു ന്നാളും കൂടി മൂപ്പര് പറയുന്നുണ്ട്.

കുറേ സ്ക്രൂ ഒക്കെ അനാവശ്യമാണ് , ചിലതൊക്കെ അഴിച്ചെടുത്തു ബാക്കി കുത്തിത്തുറന്നു. സത്യം പറയട്ടെ അതിനുള്ളിൽ ഒരു ലോകമാണ് പച്ച മഞ്ഞ ചുവപ്പ് ചെറിയ ഓരോ മണികൾ പിടിപ്പിച്ചിരിക്കുന്ന ഒരു ബോർഡ് പിന്നെ കുറെ വയർ... ഞാൻ ആ കറുത്ത കല്ലിനെ അതിനിടയിൽ തിരഞ്ഞു കാണാനില്ല പെട്ടെന്ന് എൻ്റെ സ്ക്രൂ ഡ്രൈവർ ഒരു ഇരുമ്പ് കഷ്ണത്തിൽ ഒട്ടിപ്പിടിച്ചു, ഞാൻ ഞെട്ടിപ്പോയി, സന്തോഷം സഹിക്കാൻ വയ്യ പക്ഷേ ഇത് കറുത്ത കല്ല് അല്ലല്ലോ, ഇരുമ്പ് കഷ്ണം ആണല്ലോ? നല്ല ഭംഗിയുണ്ട് കാണാൻ മെല്ലെ സ്ക്രൂ ഡ്രൈവർ കൊണ്ടത് തള്ളി പുറത്തെടുത്തു. ചുവന്ന പെയ്ൻ്റ് കൊണ്ടൊരു അടയാളം വച്ചിട്ടുണ്ട് അതിൻ്റെ ഒരു ഭാഗത്ത് മറ്റേ ഭാഗത്ത് നീല പെയിൻറ് കൊണ്ടും. നല്ല ഭംഗിയുള്ള രസികൻ, കറുപ്പല്ല തിളങ്ങുന്ന ഖാന്തം, ആ തിളക്കം ലീയയുടെ കണ്ണിൽ കാണുന്ന സന്തോഷത്തിൽ.. പോസ്റ്റുമോർട്ടം കഴിഞ്ഞ റേഡിയോ തള്ളി കട്ടിലിനടിയിലേക്കിട്ടു ഞാൻ '' ചെപ്പടി കുന്നിൽ ചിന്നി ചിണുങ്ങും ചക്കര ഖാന്തം'' എന്ന് പാടി നാല് സ്റ്റെപ്പൊക്കെ വെച്ച് കോണി ഇറങ്ങിയപ്പോൾ, മുമ്പിൽ അതാ മാമൻ!

പിന്നെ അടിയായി പിടിയായി കരച്ചിലായി റേഡിയോ പൊളിച്ചവൻ എന്ന കൊടും കഠോര കുറ്റകൃത്യത്തിൻ്റെ കഥ ആജീവനാന്തം കേൾക്കാനുള്ള യോഗം വരെയന്നു കൊണ്ടുണ്ടായി... ഒക്കെ പോട്ടെ എൻ്റെ തിളങ്ങുന്ന ഖാന്തം തൊണ്ടി മുതലായി ബലമായി പിടിച്ചെടുക്കപ്പെട്ടു...

ഉറക്കം ഒക്കെ അന്ന് വളരെ വൈകിയേ സംഭവിച്ചുള്ളൂ... അമ്മച്ഛൻറെ അടുത്തു കിടക്കുമ്പോൾ പുറത്ത് ചിൽ ചിൽ എന്ന് ചീവീട് ചിലയ്ക്കുന്നത് കേട്ട് ചിലങ്ക കെട്ടിയ ഈവിൾ ഡെഡ് ആണോ എന്ന് പേടിച്ചു ചോദിച്ചു ഉറങ്ങാതിരിക്കുന്ന ഞാൻ അന്ന് ഒട്ടും പേടിയില്ലാതെ ചില്ലു ജാലകത്തിൽ പതിക്കുന്ന ചന്ദ്രിക എൻ്റെ നഷ്ടപ്പെട്ട ഖാന്തം എന്ന് കരുതി അത് നോക്കി കണ്ണീർവാർത്തു കൊണ്ടിരുന്നു... അന്ന് കണ്ട സ്വപ്നം പോലും അത് തന്നെ ആയിരിക്കാനാണ് എല്ലാ സാധ്യതയും...

പിന്നീടുള്ള ദിവസങ്ങളിൽ ഓരോ കുട്ടി പിശാചുക്കൾ ആയി കാൽ ഖാന്തം, അര ഖാന്തം ഒക്കെ ക്ലാസിൽ കൊണ്ടുവന്നു തുടങ്ങി. എന്നാലും മുക്കാൽ ഖാന്തമുള്ള മുസ്തഫയ്ക്കായിരുന്നു ക്ലാസിൽ മുൻതൂക്കം.. നഷ്ടപ്പെട്ട ഖാന്തത്തെ ഓർത്തുള്ള വേദന ഒരു വശത്ത്, ലിയയുടെ കണ്ണോട്ടമേറ്റ് തരളിതനാവുന്ന മുസ്തഫ മറുവശത്ത്...

ഖാന്തം ഒന്നും കിട്ടിയില്ലെങ്കിലും ഒരു ദിവസം ഈ പറയുന്ന സാധനത്തിന് ഖാന്തം എന്നല്ല കാന്തം എന്നാണ് പറയുക എന്ന് ഒരു അറിവ് ഞാൻ പങ്കു വച്ചു. ഖാന്തം കാന്തം ആയെങ്കിലും കാന്തം ഇല്ലാത്തവനായി തന്നെ കാൽ കൊല്ല പരീക്ഷ കഴിയും വരെ ഞാൻ ജീവിച്ച് തീർത്തു...മാർക്കിനെപ്പറ്റി പ്രത്യേകം പരാമർശിക്കേണ്ടതില്ലല്ലോ !!

'കാന്തം ഉള്ളവർ എത്ര ഭാഗ്യവാന്മാർ, ദൈവമേ പ്ലീസ് ഒരു കാന്തം' എന്ന പ്രാർത്ഥന സന്ധ്യക്ക് വിളക്ക് വെച്ച് കഴിഞ്ഞാൽ ഗുണഗോഷ്ഠവും, മലയാളം നക്ഷത്രങ്ങളും ഇംഗ്ലീഷ് അക്ഷരമാലയും രാമ രാമയോടൊപ്പം പ്രാർത്ഥനയായി ചൊല്ലിക്കുന്ന അമ്മുമ്മ അറിയാതെ ഞാൻ ഒളിപ്പിച്ചു കടത്തി..
പക്ഷേ സത്യം! പ്രാർത്ഥനയ്ക്ക് ഫലമുണ്ട്..

ഒരുദിവസം പ്രാർത്ഥനയിൽ എൻ്റെ വല്യച്ഛൻ്റെ മുഖം തെളിഞ്ഞുവന്നു... എൻ്റെ അച്ഛൻറെ ഏട്ടനാണ്, എല്ലാവരും 'മാമൻ്റാടെ പോകും' എന്ന് സന്തോഷത്തോടെ പറയുമ്പോൾ ഞാൻ ഓർക്കും, എന്ത് കുന്തമാണ് മാമൻ്റെ അവിടെ ഉള്ളത്?
കാരണം ഞാൻ ഓൾറെഡി മാമൻ്റെ അവിടെ ആണല്ലോ, എനിക്ക് അന്നും ഇന്നും പ്രിയം വെല്ല്യച്ഛൻ്റെവിടെയാണ്. വല്യച്ഛൻ!

ഞാൻ മെല്ലെ ഫോൺ മുറിയിൽ ചെന്ന് ഇൻഡസ്ട്രിയിലെ നമ്പർ ഡയൽ ചെയ്തു, വല്യച്ഛൻ ഫോണെടുത്തു..

വെലിച്ചാ ഇനിക്കൊരു കാന്തം വേണം

"എന്തിനാ മോനെ കാന്തം ?"

എനിക്കൊരു കാന്തം കൊണ്ട് തരുവോ, പ്ലീസ്

''കൊണ്ട് തരാലോ നാളെ കൊണ്ട് തരാം"

നാളെയോ

"ആ നാളെ വൈകുന്നേരം കൊണ്ടുവരാം ..."

എനിക്ക് ഉണ്ടായ സന്തോഷം പറയാൻ അന്നുമില്ല ഇന്നുമില്ല വാക്കുകൾ... വല്യച്ഛൻ ഭീകരൻ തന്നെ ഇത്ര അമൂല്യമായ കാന്തം നാളെ സിമ്പിളായി കൊണ്ട് തരാമെന്ന്!

അന്ന് സ്കൂൾ വിട്ടു ജയിലിലേക്ക് വലിയ സന്തോഷത്തിലാണ് ഓടിവന്നത്. ചായ കുടിച്ചു. നടുമുറിയിലെ ജനാലയ്ക്കരികിൽ ഇരിപ്പുറപ്പിച്ചു . 6 30 ആയപ്പോൾ ഒരു മഞ്ഞ ലാംബർട്ട സ്കൂട്ടറിൽ വല്യച്ഛൻ!

ഞാൻ ഒരൊറ്റ ഓട്ടമാണ് വല്യച്ഛാ ന്ന് വിളിച്ചുകൊണ്ട്



എവിടെ കാന്തം എവിടെ ? വല്യച്ഛൻ കുനിഞ്ഞ് ലാംബർട്ടയുടെ ബ്രേക്ക് പാഡിനടുത്ത് ഒട്ടിച്ചു വച്ച കാന്തം പറിച്ചെടുത്തു.. വല്യച്ഛൻ്റെ ഇൻഡസ്ട്രി വീട്ടിൽ നിന്ന് ഒരുപാട് അകലെയാണ്, അത്ര ദൂരം ഈ വണ്ടിയിൽ ഈ കാന്തം പറ്റിപ്പിടിച്ചിരുന്നു പോലും, ഹോ എന്തൊരു കാന്തമാണിത്! ഇതിനൊരു പിടി ഒക്കെയുണ്ട് , വല്യച്ഛൻ പറഞ്ഞു ഇത് ഡയനാമോയ്ക്കുള്ളിലെ കാന്തം ആണ് പോലും, എന്തായാലും ഗംഭീര കാന്തം.

നല്ല കാലാവസ്ഥയുള്ള, കാറ്റിനൊക്കെ കുളിർമയുള്ള ചുറ്റും കാണുന്ന എല്ലാവർക്കും എല്ലാത്തിനും സന്തോഷമുള്ള ഒരു ദിവസമായിരുന്നു പിറ്റേന്ന്...
ക്ലാസിലേക്ക് കയറുമ്പോൾ മുസ്തഫ മുക്കാൽ കാന്തം കൊണ്ട് അര കാന്തങ്ങളെയും കാൽ കാന്തങ്ങളെയും വലിച്ചടുപ്പിച്ചു ഏറ്റവും ശക്തിയുള്ള കാന്തം അവൻ്റെ ആണ് എന്ന് തെളിയിക്കുന്ന പരിപാടിയിലായിരുന്നു.. ഞാൻ ക്ലാസിലേക്ക് കയറി അവൻറെ അടുത്ത് ഇരുന്നു, അവനു ഇപ്പോൾ എന്നെ വല്യ മൈൻഡ് ഇല്ല. ഞാൻ സൈഡിൽ ഇരിക്കുന്ന ലിയയെ ഒന്നു നോക്കി, അവളീ കോന്തൻ്റെ കാന്തത്തിൽ നോക്കി അന്തം വിട്ടിരിക്കുകയാണ് ..

ബെല്ലടിച്ചു ഒന്നാം പിരീഡ് കടന്നുപോയി ... ഇൻ്റർവെൽ ആയി...ഞാൻ എൻ്റെ ബാഗ് തുറന്നു... എൻ്റെ ഫുൾ കാന്തത്തെ ഒരു ട്രോഫി ഉയർത്തുന്ന പോലെ ഉയർത്തി കാണിച്ചു. കാൽകാന്തന്മാരും അരകാന്തന്മാരും മുക്കാൽ കാന്തം ഉള്ള മുസ്തഫയും ഓടിവന്നു. മൂത്രമൊഴിക്കാൻ പോയ ലിയയും അസ്നയും ഓടിവന്നു.. ഞാനെൻ്റെ കാന്തം ഡെസ്കിൽ വച്ചു..

"മ്മക്ക് ശക്തി നോക്കാം ?" മുസ്തഫ എന്നോട് ചോദിച്ചു

മുസ്തഫയുടെ വിജയകാന്തം എൻ്റെ കാന്തത്തിനടുത്തേക്ക് ഒന്ന് എത്തിനോക്കിയതേ കണ്ടുള്ളൂ പിന്നെ കണ്ടത് അവരുടെ പരസ്പരം ആലിംഗനം ആണ്... ടിക് എന്നവർ ചേർന്നപ്പോൾ...

എൻ്റെ കണ്ണ് ഉയർന്നത് ലിയയുടെ മുഖത്തേക്കാണ്. മുസ്തഫയുടെ വലയത്തിൽ നിന്ന് വികർഷിച്ചവൾ എൻ്റെ കാന്തിക മണ്ഡലത്തിലേക്ക് ആഞ്ഞു പതിച്ച ഓർമ്മ കനത്തതോടെ ഇപ്പോഴും ഞാൻ ഓർക്കുന്നത് അവള് അസ്നയോട് പറഞ്ഞ വാക്കുകൾ എൻ്റെ കാതിൽ ഇന്നും മുഴങ്ങുന്നതുകൊണ്ടാണ് ..

"അസ്നേ എനിക്ക് ഇവൻ്റെ ഫ്രണ്ട് ആവണം എനിക്ക് ഇവനെ ഭയങ്കര ഇഷ്ടമാണ് "....

അല്ലയോ പൊന്നു കാന്തമേ നീ ഇല്ലായിരുന്നെങ്കിൽ അപകർഷതയുടെ പടുകുഴിയിൽപെട്ടു ഞാൻ വിടരാത്ത പൂവ് പോലെ കൊഴിഞ്ഞടർന്നു പോകുമായിരുന്നു ... നീ ഉയർത്തിയ എൻ്റെ ആത്മവിശ്വാസം അര കൊല്ലത്തിൽ മുസ്തഫയെ തൽസ്ഥിതി തുടരാൻ അനുവദിച്ചു കൊണ്ട് ഞാൻ മൂന്നാം റാങ്കിലേക്ക് നടത്തിയ കുതിച്ചുചാട്ടം ആയിരുന്നു. അന്നുമുതൽ ഇന്നുവരെ ഞാൻ ഒന്നിലും പുറകിലല്ല, കാന്തം പോലെ ആളുകളെ ഇന്നും ആകർഷിച്ചുകൊണ്ടിരിക്കുന്നു........

'' മോനേ സാഹിത്യ കേസരി... ഇങ്ങനെയാണ് കഥ എഴുതേണ്ടത്, കഥയിൽ ആത്മാംശം ഉണ്ടാവണം... എല്ലാം ശരി നിൻ്റെ കുതിച്ചുചാട്ടം ഒക്കെ ഗംഭീരം.. പക്ഷേ അവസാന വരി ഉണ്ടല്ലോ എന്താണത്?

അത് കാന്തം പോലെ ആളുകളെ....

"ആ അതു തന്നെ മതി മതി...."

ഞാൻ നിന്നെ പഠിപ്പിച്ചത് ആകർഷിക്കാനാണ്, അല്ലാണ്ട് ഇതുപോലെ തള്ളി മറിച്ചിടാൻ അല്ല... അതുകൂടെ ഓർത്താൽ നന്ന് ...

അപ്പോൾ ശുഭം !

ആർ രാമാനന്ദ്

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമാലയൻ ഡയറിക്കുറിപ്പുകൾ

ലോകാവസാനം - പുരാതന മായന്‍ സംസ്കാരത്തെ നശിപ്പിക്കാന് ഗൂഡാലോചന