ഹിമാലയൻ ഡയറിക്കുറിപ്പുകൾ
ഹിമാലയ യാത്രയ്ക്ക് കൃത്യം പത്ത് ദിവസം മുമ്പ്
വീണ്ടും ഹിമാലയം വിളിക്കുന്നു!
യാത്ര പോകുന്നതെന്തിനാണ്? അനുഭവങ്ങൾഉണ്ടാകാനാണ് എന്ന് പറയാറുണ്ട്. യാത്ര തന്നെയാണ് അനുഭവം. ഒരോ ഒറ്റയ്ക്കുള്ള യാത്രകളും ഒരോ പാഠമാണ്, അറിയാത്ത നാടുകൾ, ആളുകൾ, ഭാഷകൾ. ആ അജ്ഞാത ഭൂമികയിൽ എന്റെ ശരീരവും ആത്മാവും മാത്രം. എല്ലാ നാടും, നാട്ടുകാരും, ഭാഷയും പ്രകൃതിയും, ഒന്നാണെന്നു തിരിച്ചറിയാൻ ഉള്ള ഇടവേളയിലാണ് ഞാൻ എന്നെ തിരിച്ചറിയുന്നത്. ഇത്രയും കാലം അജ്ഞാതമായ ഒരു ബോധബിംബം തെളിഞ്ഞു വരുന്നു. അതു എന്നോടു മിണ്ടി തുടങ്ങുന്നു, എന്നെ അഭിനന്ദിക്കുന്നു, വിമർശിക്കുന്നു, പരിഭവിക്കുന്നു. ഇടയ്ക്കിടെ ചോദിക്കുന്നു എന്താണ് നിനക്കൊരപരിചിതത്വം എന്ന്? ഞാൻ തന്നെയല്ലെ നീയെന്ന് ?
ബോധം ഒരു സാക്ഷിയായി എന്നുമുണ്ടായിരുന്നു. ഉണർവ്വിലും , ഉറക്കത്തിലും നിഴൽ പോലെ. എന്നാൽ ആ ബോധ സാക്ഷിയെ കണ്ടത്, കേട്ടത് ,അറിഞ്ഞത് യാത്രയിലാണ് ഒറ്റയ്ക്കുള്ള യാത്രയിൽ. മൂന്നുലോകങ്ങളും സ്വദേശമാണെന്ന് പഖ്യാപിച്ച ശങ്കര ഭഗവദ്പാദരും, അലയുന്നതിലെ പൊരുൾതേടിയ ദർവീഷുകളും, നീ ആദ്യം അലഞ്ഞു തെണ്ടി വാ, എന്നിട്ടാകാം സന്യാസ ദീക്ഷ എന്ന് പരിവ്രാജകരോട് പറഞ്ഞ സനാതന പരിത്യാഗികളും, വിതയ്ക്കുകയും കൊയ്യുകയും ചെയ്യാത്ത ആകാശ പറവകളെ ചൂണ്ടി കാണിച്ച മനുഷ്യപുത്രനും ഉദേശിച്ചതെന്താണ്? ഒന്നായ നിന്നെ രണ്ടെന്ന് കണ്ടു ഉണ്ടായ ഇണ്ടൽ മാറ്റുക തന്നെയല്ലേ? ഞാനും ഞാനും ചേർന്നു ഞാനില്ലാതാവല്ലലേ? ഒന്നും ഒന്നും ചേർന്നുണ്ടാകുന്ന ഇമ്മിണി വലിയ ഒന്ന് തന്നെയല്ലേ പരമസത്യം? ദൈവരാജ്യം? ബ്രഹ്മം? ഹഖ് ? ആ യാത്രയല്ലേ അദ്വൈതം, ത്വവാഫ് ?
ഞാനെന്നത് എന്റെ ശരീരം മാത്രമാകുന്ന, മനസ്സെന്നത് ശരീരത്തിന്റെ ഉപോൽപ്പന്നമാകുന്ന അബോധവസ്ഥയിൽ നിന്ന് അവബോധത്തിലേക്കുള്ള യാത്ര. യാത്ര ദുരിതമാണ് ശരിരത്തിനു ദുരിതം മനസ്സിനും അതു ദുരിതം തന്നെ എന്നാൽ ആത്മാവിനത് ആനന്ദമേകുന്നു, ശരീരവും eeമനസ്സും അരുതെന്ന് പറഞ്ഞ് തടഞ്ഞിട്ടും വെമ്പുന്ന ആ ആത്മാവാണ് സത്യം , ജന്മാന്തര ഉണർവ്വിലേക്ക് നയിക്കുന്ന അനുഭൂതിയെ തടയുന്ന മനോ കൽപനകൾ കേവലം വികൽപ്പവും!
ബ്രഹ്മ സത്യം ജഗത് മിഥ്യ! അനൽ ഹഖ് !
ഹിമാലയത്തിലേക്ക് കടക്കും മുമ്പ് : ചില അവികസിത ചിന്തകൾ:
ഒറ്റപ്പെടലും ഒറ്റയാവലും തമ്മിലുള്ള ദൂരമുണ്ട്. ഒറ്റയ്ക്കായിപ്പോയ യാത്രയിൽ നിന്ന് ഒറ്റയ്ക്കു മതിയെന്നു തീരുമാനിച്ച യാത്രയിലേക്ക്. കൂട്ടിലാതെ ജനിച്ച് കൂട്ടമായി ജീവിച്ച് വീണ്ടും കൂട്ടില്ലാതെ ഏകനായി ഏകയായി തീരുന്നതാണല്ലോ ജീവിതമെന്ന യാത്രയും. അതിൽ ഒറ്റപ്പെട്ടവർ എത്ര ഒറ്റപ്പെടുത്തിയവർ എത്ര? ഒറ്റയ്ക്ക് മതിയെന്ന് നിനച്ചവർ എത്ര? ഞാൻ കണ്ട ഭസ്മധാരികൾ ഒറ്റപ്പെട്ടവരോ? അതോ ഒറ്റയ്ക്ക് തന്നെത്താൻ തേടുന്നവരോ? സന്യാസം സർവ്വം ന്യസിക്കൽ (ഉപേക്ഷിക്കൽ) ആണെങ്കിൽ അവരിവിടെ വീണ്ടും തേടുന്നത് എന്താണ്? കിട്ടിയാൽ നഷ്ട്ടപ്പെടാത്തതോ? അതോ ഈ തേടൽ തന്നെയോ ആ പൊരുൾ?
യാത്ര ആരംഭിക്കുന്നു ഡയറിക്കുറിപ്പുകളും.....
ഒന്നാം ദിവസം.....
ഹിമാലയൻ ഡയറി>ക്കുറിപ്പുകൾ .....
ദിവസം ഒന്ന് - 11 - 05-20l6 ബുധനാഴ്ച്ച സമയം പുലർച്ച 5.00 മണി
ഹരിദ്വാറിൽ മണികൾ മുഴങ്ങുo മുമ്പ് ...
ഇന്ന് പുലർച്ച 5.O0 മണിക്ക് ഹരിദ്വാറിൽ എത്തി ഡൽഹിയിൽ നിന്ന് ഇന്നലെ രാത്രി 12 മണിക്ക് ബസിൽ പുറപ്പെട്ടതാണ് .ചാറ്റൽ മഴയുണ്ട് കുടയെടുത്തത് രക്ഷയായി. ചെറിയ തണുപ്പുള്ള പ്രഭാതം. ഡൽഹിയിലെ കടുത്ത ചൂടിൽ നിന്ന് ചെറിയ ഒരു അശ്വാസം. ഹരിദ്വാറിലെ ഗംഗയെ കാണാൻ വീണ്ടും മോഹം. കണ്ടതാണ് എങ്കിലും... ഗംഗ ഓരോ സ്ഥലത്തും ഓരോ അനുഭൂതിയാണ്. കാശിയിലവൾ വിശ്വനാഥ പ്രേയസി ... തന്നിലേക്ക് വീഴുന്ന പ്രേതങ്ങളെ അമ്മ കുഞ്ഞിനെ മാറോടോണയ്ക്കുന്ന പോലെ അഭയമേകുന്നവൾ.ഇങ്ങ് ഹരിദ്വാറിൽ അവൾ ഹിമാലയ കവാടത്തിലെത്തുന്നവർക്ക് സ്വാഗതമരുളുന്നവൾ. ഋഷികേശിൽ അവൾ ഹിമ കുളിരിന്റെ കുളിർമ വിടാതെ ഹിമാലയ യാത്രികരെ കാത്തിരിക്കുന്ന കാമുകി. അങ്ങനെ ഒഴുകുന്ന ഓരോ ഭുമിയിലും അവൾ ഭിന്നയാണ് . ജന്മാന്തര ഖിന്നതയകറ്റുന്നവൾ.
ഗംഗയെ കണ്ടു മാളവിയ ഗാട്ടിൽ വെച്ച് തൊട്ടു , വന്ദിച്ചു, നമസ്ക്കാരപൂർവ്വം ഇറങ്ങി. രാത്രിയാത്രയുടെ ക്ഷീണം മുഴുവൻ ഗംഗാജലത്തോടൊപ്പം ഒലിച്ചുപോയി. ഹരിദ്വാറിൽ നിന്ന് 25 കി.മി. അടുത്ത് ദൂരമേയുള്ളു ഋഷികേശിലേക്ക്, ബസ് കയറാം ട്രേയിൻ കയറാം എന്നാൽ അതിലും രസം ഗംഗയൊഴുകുന്ന പാതയിലൂടെ ഓട്ടോയിൽ പോകാനാണ് . പത്ത് പേർ ഇരിക്കുന്ന ഈ ചെറുവാഹനത്തിൽ ആളൊന്നിന് കടത്തുകൂലി വെറും പത്തു രൂപ! കുറച്ചു കൂടി അരികിലിരിന്നു കാണാം, ഓട്ടോ കാത്ത് നിന്നു ഒരൊട്ടോ പോലും37 വന്നില്ല. പെട്ടന്ന് ശ്രീ ബദരീനാഥ് എന്ന് സ്ഥലനാമം എഴുതിയ ഒരു മിനി ബസ് വന്നു കൈ കാണിച്ച് ചാടി കയറി, മടങ്ങുന്ന വഴി ഋഷികേശിൽ ഇറങ്ങാം എന്ന് തീരുമാനിച്ചു. "എങ്ങോട്ടാ " (ഹിന്ദി പോലെ തോന്നുന്ന ഒരു ഭാഷ) എന്ന് ഡ്രൈവറും ക്ലീനറും ഒരേ ശബ്ദത്തിൽ ചോദിച്ചു. "ജോഷിമഠ് "
ഡ്രൈവറുടെ കാബിനിൽ ഇരുന്നോളാൻ പറഞ്ഞു. അങ്ങനെ എല്ലാവർക്കും കിട്ടുന്ന ഭാഗ്യമല്ല അത് ( ബസിൽ സീറ്റിലാതെ ആയാൽ മാത്രേമേ അത് കിട്ടൂ !) ബാക്കിയെല്ലാവരും പാക്കേജ് ടൂർ അംഗങ്ങളാണ് അവർ ടിക്കറ്റ് മുൻകൂർ ബുക്ക് ചെയ്യ്തവരാണ്. ക്ലീനർ കം കണ്ടക്ടർ എന്നോട് ബസ്ക്കൂലിയായി 400 രുപ ആവശ്യപ്പെട്ടതനുസരിച്ച് ഞാൻ കൊടുത്തു. 320 കി.മി. ഉണ്ട് ബദരിയ്ക്ക് അതിൽ ഒരു 45 കി.മി. കുറയും ജോഷിമഠിലേക്ക്. അത്രയും ദൂരം ഗിയർ ബോക്സിന്റ മുകളിൽ കാലും വെച്ചിരിക്കണം.
സമയം പുലർച്ച 5.30 മണി മുതൽ വൈകുന്നേരം 5.30 വരെ.
വിശ്വാസവും യുക്തിയും...
ചെറിയ പാത, ഇടയ്ക്കിടെ ഗംഗയെ കാണുന്നു അവളുടെ ചെറു കൈവഴികൾ കാണുന്നു. ഭാരത ചരിത്രത്തെ ഇത്ര മേൽ സ്വാധീനിച്ച മറ്റൊരു നദിയുണ്ടോ? ഉണ്ടെങ്കിൽ അത് സിന്ധു മാത്രമാണ്. സിന്ധുവും ഗംഗയും ചേർന്നോഴുകിയുണ്ടായതാണല്ലൊ ഈ മഹാഭാരത സംസ്കൃതി.
ഇങ്ങനെ ഓരോന്നോർത്ത് ഇരിക്കുമ്പോഴാണ് പോകുന്ന വഴി എത്ര അപകടം പിടിച്ചതാണ് എന്ന് മനസ്സിലാവുന്നത്. വളരെ വീതി കുറഞ്ഞ റോഡ്. ചിലയിടത്ത് മാത്രം രണ്ടു വാഹനക്കൾക്ക് കടന്നു പോകാം. മിക്കയിടത്തും രണ്ടാമതൊരു വണ്ടി വന്നാൽ വീതിയുള്ളിടം വരെ പുറകോട്ടെടുക്കണം. കൈവരികളൊ മറ്റ് തടസ്സങ്ങളോ ഇല്ലാത്തത് കൊണ്ട് ഒന്നു തെറ്റിയാൽ ബംഗാൾ ഉൾക്കടലിലേക്ക് പ്രയാസം കൂടാതെ പോകാം.
ഇതിനിടയ്ക്കാണ് ഡ്രൈവറുടെ അമിതവേഗം. ഞാനിരിക്കുന്നത് ഡ്രൈവറുടെ നേരെ എതിരെയായതു കൊണ്ട് ഒരു റോളർ കോസ്റ്റർ അനുഭവമായിരുന്നു, എത്രയോ തവണ വളവുകളിൽ താഴോട്ട് നോക്കുമ്പോൾ അളകനന്ദയും മന്ദാകിനിയും ഞാനും മാത്രം.
"നാം ക്യാ ഹേ ഭയ്യാ " ? ഇടയ്ക്ക് ഒന്നു ചായ കുടിക്കാൻ നഗരസു എന്ന സ്ഥലത്ത് നിർത്തിയപ്പോൾ ഞാൻ ഡ്രൈവറോട് ചോദിച്ചു. "വിശ്വനാഥ് " എന്നയാൾ മറുപടി പറഞ്ഞു.
അയാളെ ഞാൻ ശബരിമല അയ്യപ്പൻ എന്നു വരെ വിളിക്കാൻ തയ്യാറാണ്.കാരണം പറയാം, രുദ്രപ്രയാഗ് കഴിഞ്ഞുള്ള ഒരു കയറ്റവളവ് ഒരു കൈയ്യിൽ കത്തിച്ച ബീഡി യുമായി അയാൾ വളച്ചു കയറ്റുകയായിരുന്നു.
ഉടനെ എതിരെ വന്ന ഒരു ലോറി മുന്നിൽ തടസ്സമായി. ബസ് ആ കയറ്റ വളവിൽ നിന്നു. ഒരടി മുന്നോട്ട് പോകുന്നില്ല. അത്രയും നേരം സുഖമായി ഇരുന്ന യാത്രക്കാരുടെ മുഖങ്ങളിൽ പരിഭവം. ബസ് അതാ പുറകോട്ട് നിരങ്ങി നിരങ്ങി പോകുന്നു. ക്ലീനറുടെ മുഖo വിളറി വെളുത്തു. ഈശ്വരാ കർണ്ണ പ്രയാഗിലാണോ നീയെന്റെ അവസാനം കുറിച്ചത്. ''ചോദിച്ച സമയത്ത് പാൻ തരണം അല്ലെങ്കിൽ ഇതിലും അപ്പുറം ഉണ്ടാവും" ക്ലീനറെ തിരിഞ്ഞു ചീത്ത പറഞ്ഞു കൊണ്ട് ആ അവസ്ഥയിൽ ഡ്രൈവർ സ്റ്റിയറിംഗിൽ നിന്ന് ഒരു കൈയ്യെടുത്ത് പാനിനായി നീട്ടി. കിളി വിറച്ചു കൊണ്ട് പാൻ കൊടുത്തു. "ഇറങ്ങി കട്ട വയ്ക്കടാ ബഹൻ *##** " കിളി ചാടി കട്ട വെച്ചു, ബസ് നിരങ്ങുന്നത് ഒരു വിധം നിന്നു.
ഡ്രൈവർ ഗിയറു മാറ്റി ബദരീനാഥ് ജീ എന്നു വിളിച്ചു വണ്ടി എടുത്തു. ഒരു വിധം ബസ് ആ കയറ്റം കയറി. അയാൾക്കപ്പോ തന്നെ PWD ഒരവാർഡ് കൊടുക്കണ്ടേ?
മലയിലെ യാത്രകൾ ഒരു വിശ്വാസപ്പുറത്താണ്, നമ്മൾക്ക് ഡ്രൈവറിലെ വിശ്വാസം , കയറിയ വണ്ടിയിലെ വിശ്വാസം, റോഡ് പണിതവരിലെ വിശ്വാസം, ഡ്രൈവർക്ക് ക്ലചിലെ, ബ്രൈക്കിലെ, ഷാഫ്റ്റിലെ, ലിവറിലെ പിന്നെ എല്ലാത്തിനും മുകളിൽ കൈവിടില്ലെന്ന ഒരുറപ്പ് മനസ്സിൽ കൊടുത്ത ബദരീനാഥനിലെ വിശ്വാസം .
ദിവസം ഒന്ന് - 11 - 05-20l6 ബുധനാഴ്ച്ച സമയം വൈകുന്നേരം 5.30 മണി മുതൽ രാത്രി 9.30 വരെ.
ചെങ്കുത്തായ കയറ്റങ്ങളും 'മുടിപിൻ' വളവുകളും തിരിഞ്ഞു ബസ് വൈകുന്നേരം 5.30 ആയപ്പോൾ ജോഷിമഠിൽ എത്തി. ഇതു വരെ ഫോണിൽ രേഞ്ച് വന്നിട്ടില്ല. എന്റെ ഒരു സുഹൃത്ത് ഉണ്ട് ഇവിടെ, ഡോ. ചരൺ സിംഗ് റാണ ഇവിടുത്തെ ഗവ: കോളേജിലെ ഇംഗ്ലീഷ് പ്രൊഫസ്സർ ആണ് കക്ഷി. ഞാൻ 2014 ൽ ജെ.എൻ.യു ഇന്റർവ്യുവിനു വന്ന സമയത്ത് താമസം ഡൽഹി അരവിന്ദാശ്രമത്തിലായിരുന്നു അവിടെ വെച്ചുള്ള പരിചയമാണിദ്ദേഹത്തെ. എത്തിയ വിവരം അറിയിക്കാൻ ഫോൺ ചെയ്യാനാണെങ്കിൽ നെറ്റ്വർക്കുമില്ല. മൊബൈൽ ഫോൺ വന്നതിനു ശേഷം കോയിൻ ബോക്ക്സുമില്ലല്ലോ. ഞാൻ ഫോൺ ഒന്ന് സ്വിച്ച് ഓഫ് ചെയ്ത് ഓണാക്കി. സെൽ വൺ എന്ന് കാണിച്ച് കൊണ്ട് ഒരു 'കട്ട ' സിഗ്നൽ കാണിച്ചു. ഹാവു സമാധാനം എന്നു കരുതി റാണാജിയെ വിളിക്കാൻ ഡയൽ ചെയ്തതും അദ്ദേഹത്തിന്റെ മെസേജ് വന്നു " ഡിയർ രാമാനന്ദ് നിങ്ങളുടെ താമസം അടുത്തുള്ള ഒരു ഗുരുദ്വാരയിൽ ഞാൻ ശരിയാക്കിയിട്ടുണ്ട് അങ്ങോട്ട് പോയി മാനേജർ ബിട്ടു സിംഗിനെ കാണുക " . ജീവിതത്തിൽ ഇന്നു വരെ ഗുരുദ്വാരയിൽ പോയിട്ടില്ല അവിടെ ചെന്നാൽ എന്താണ് ചെയ്യേണ്ടത് എന്നറിയാത്തതു കൊണ്ടെപ്പൊഴും ഒരു ഭയമാണ് അതിനുള്ളിൽ കയറാൻ . പോരാത്തതിനു സിക്കുക്കാർ ഭയങ്കരന്മാരാണ് എന്ന ഒരു തോന്നലും അറിയാതെ മനസ്സിൽ കയറിയിട്ടുണ്ട്. ഗുരുദ്വാരയിൽ അറിയാതെ വല്ലതും ചെയ്യ്താൽ പഞ്ചാബി ഹൗസിലെ ഹരിശ്രീ അശോകന്റെ ഗതി വരുമോ എന്നു ചിന്തിച്ച് ചിന്തിച്ചും , ചോദിച്ച് ചോദിച്ചും ഗുരുദ്വാരയിൽ എത്തി. താടി നീട്ടി വളർത്തിയ ഒരു തലപ്പാവ് വെച്ച ചെറുപ്പക്കാരണീ ബിട്ടു സിംഗ് എന്ന ഭീകര പേരിനുടമ. ഞാൻ ഡൽഹിയിൽ നിന്ന് വരുന്നു ഡോ. സിംഗിന്റെ സുഹൃത്താണ് എന്ന് പറഞ്ഞതും " അച്ഛാ, അരെ ഓ ... ബാബു പഹലാ സിംഗെ ......'' എന്ന് പഞ്ചാബി കലർന്ന ഹിന്ദിയിൽ നീട്ടി വിളിച്ചു. വെളള താടി വെച്ച ഒരു കൃശ ഗാത്രൻ ഓടി വന്ന് ഭവ്യ ബഹുമാനത്തോടെ നിന്നു. "ഇദ്ദേഹം ഡൽഹിയിലാണ് റാണാജിയുടെ സുഹൃത്താണ് 26 നമ്പ്ര മുറി കാണിച്ച് കൊടുക്കു" എന്ന് പറഞ്ഞു.
നല്ല വൃത്തിയുള്ള ഡബിൾ മുറി മുന്നിലെ സിറ്റൗട്ടിൽ ഇരുന്നാൽ ഇരു വശത്തും മഞ്ഞണിഞ്ഞ ഹിമാലയം....
അലൗകികം എന്ന് തോന്നിപ്പോകുന്ന നിമിഷങ്ങൾ... ആ കമനീയത കണ്ട് കൊണ്ടിരിക്കെ ഡോ.റാണാജി വന്നു..
കണ്ടിടെത്ര നാളായി സുഖമല്ലേ എന്ന് ചോദിച്ച് കെട്ടിപ്പിടിച്ചു. സുഖമെന്നു പറഞ്ഞു. മുറി തുറന്ന് ഞാൻ ഡൽഹിയിൽ നിന്ന് അദ്ദേഹത്തിനായി വാങ്ങിയ സൽമാൻ റഷ്ദിയുടെ 'മിഡ് നൈറ്റ്സ് ചിൽഡ്രൻ' നീട്ടി. വായനാ ഭ്രാന്തന്മാർക്ക് പുസ്തകം കാണുമ്പോള്ളുള്ള സന്തോഷം പറയാൻ 'ഗ്രഹണി -ചക്കക്കൂട്ടാൻ' പഴഞ്ചൊല്ലൊന്നും പോര. ഞങ്ങൾ രണ്ടു പേരും ചായ കുടിക്കാൻ ഇറങ്ങി. ചായയും ഒരു പഫ്സും കഴിച്ചു. റാണാജീ ഈ മലമുകളിൽ ഒരു അരവിന്ദ പഠന കേന്ദ്രം നടത്തുന്നുണ്ട് അവിടെ ചെന്നു. അത്ഭുതപ്പെട്ടു പോയി അവിടെയുളള പുസ്തശേഖരം കണ്ടിട്ട് . മഹർഷി അരവിന്ദന്റെ സമ്പൂർണ്ണ കൃതികളും അവിടെയുണ്ട്. എല്ലാ ഞായറാഴ്ച്ചയും കേന്ദ്രത്തിലെ അംഗങ്ങൾ ഒത്തു ചേരുകയും അരവിന്ദ ദർശനം ചർച്ച ചെയ്യുകയും ധ്യാനിക്കുകയും ചെയ്യാറുണ്ടെന്ന് റാണാജി പറഞ്ഞു. മറ്റന്നാൾ എന്നോട് ഒരു പ്രഭാഷണം നടത്താൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ആതിഥേയന്റ ആവശ്യം നിരാകരിക്കുന്നതെങ്ങനെ എന്ന് കരുതി സമ്മതിച്ചു.
റാണാജിയുടെ കൂടെ ജ്യോതി മഠം സന്ദർശിച്ചു. ഈ സ്ഥലത്തിന്റെ യഥാർത്ഥ നാമം ജ്യോതി മഠം എന്നാണ് പിന്നീട് ഒന്ന് ജോഷാക്കാൻ വേണ്ടി ജോഷി മഠം ആക്കിയതാണ്. ശങ്കര ഗുഹ കണ്ടു. ഉള്ളിൽ ശങ്കര പ്രതിമ ഉണ്ട്. എന്നാലും എന്റെ ആചാര്യരെ ഈ മലമുകളിൽ എത്തി കണ്ണൂർക്കാർ നമ്പൂതിരിമാരെ ( റാവൽ) ബദരീനാഥനെ പൂജിക്കാനിരുത്തിയ ദീർഘ വീക്ഷണം ഭയങ്കരം തന്നെ എന്ന് ഉള്ളിൽ പറഞ്ഞു പോയി ആ ഇരിപ്പ് കണ്ടപ്പോൾ.
റാണാജിയൊടൊപ്പം അത്താഴം കഴിച്ചു 9.30 യോടെ മുറിയിലെത്തി കിടന്നു. തണപ്പുണ്ട് 8 - 10 ഡിഗ്രിയോളമേ ഉള്ളു അന്തരീക്ഷ താപനില. നാളെ രാവിലെ ബദരീനാഥിലേക്ക്......
രണ്ടാം ദിവസം..
ദിവസം രണ്ട് - 12 - 05-20l6 വ്യാഴാഴ്ച്ച സമയം രാവിലെ 8 മണി മുതൽ 10. മണി വരെ.
ഹിമാലയൻ സുമോ യാത്ര
നേരത്തേ എഴുന്നേറ്റു തലേ ദിവസത്തെ യാത്രക്ഷീണം അശ്ശേഷമില്ല . തണുത്ത വെള്ളം കണ്ണടച്ചു തലയിലെടുത്തൊഴിച്ചു. മരവിച്ചു നിൽക്കാൻ സമയമില്ലാത്തതു കൊണ്ട് ഓടി പോയി തുണിയുടുത്തു ചാടിയിറങ്ങി. ബദരിയക്ക് വണ്ടി കിട്ടുന്ന ദിക്ക് നോക്കി നടന്നു. ഒരു ടാറ്റാ സുമോ സാമാന്യം നിറയെ ആളുകളുമായി പോകാൻ തയ്യാറായി നിൽക്കുന്നു എന്നെ കണ്ടപ്പോൾ മുന്നിൽ കയറി കൊള്ളാൻ പറഞ്ഞു. ഞാൻ കയറി. ഇപ്പോൾ ഞാനുൾപ്പടെ മുമ്പിൽ നാലുപേർ.
ഡ്രൈവർ ഗിയർ മാറ്റുന്നതിന്റെ വില എന്റെ മുട്ടുകാലാണ് ഓരോ തവണയും ഒടുക്കുന്നത്. റോഡ് ഇന്നലത്തേതിലും ചെറുത്. മല തുരന്നുണ്ടാക്കിയ പാത.
ഡ്രൈവർ ഗിയർ മാറ്റുന്നതിന്റെ വില എന്റെ മുട്ടുകാലാണ് ഓരോ തവണയും ഒടുക്കുന്നത്. റോഡ് ഇന്നലത്തേതിലും ചെറുത്. മല തുരന്നുണ്ടാക്കിയ പാത.
അളകനന്ദ കൂട്ടായി ഒഴുകുന്നു. ക്റെ ക്ട് കട് ക്റെ... ഗിയർ ആവേശത്തിൽ മാറ്റിയതാണ് ഡ്രൈവർ ഗിയർ ലിവറൂരി കൈയ്യിൽ പോന്നു.
യാത്ര മറ്റൊരു വണ്ടിയിൽ വേണ്ടി വരുമോ എന്ന് ചിന്തിച്ചു . പക്ഷേ 15 മിനുട്ട് കൊണ്ട് മിടുക്കനായ ഡ്രൈവർ അത് ശരിയാക്കി യാത്ര തുടർന്നു. പലയിടത്തും റോഡ് പണി നടക്കുന്നു പട്ടാളം കഷ്ട്ടപ്പെട്ട് റോഡും പാലവും പണിയുന്നു, ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് സുരക്ഷയൊരുക്കുന്നു.
ദിവസം രണ്ട് - 12 - 05-20l6 വ്യാഴാഴ്ച്ച സമയം രാവിലെ 10 മണി മുതൽ 1 മണി വരെ.
അങ്ങ് വടക്ക് പർവ്വതങ്ങളുടെ രാജാവും ദേവതകളുടെ ആത്മാവും ആയ ഹിമാലയം എന്ന പർവ്വതത്തെ കാണായി ... കാളിദാസന്റെ കാവ്യഭാവനയ്ക്ക് ഒട്ടും അപവാദം സൃഷ്ടിക്കാതെയുള്ള അത്യപൂർവ്വ ദർശനം.
ബദരീനാഥ് ദർശനം ഒരു വലിയ സ്വപ്നമായിരുന്നു. ഒരു 14 വയസ്സു മുതൽ വായിച്ച ഹിമാലയ യാത്ര വിവരണങ്ങൾക്ക് കൈയ്യും കണക്കുമില്ല. ഏതെങ്കിലും പുസ്തകത്തിന്റെ പുറംചട്ടയിൽ ഹിമവാന്റെ ചിത്രമോ, ഹിമാലയമെന്ന പേരോ കണ്ടാൽ ഉടനെ അതു വാങ്ങും. എത്ര നേരമെടുത്താലും പരമാവധി ആദ്യ ദിവസം തന്നെ വായിച്ചു തീർക്കും. ആ വിവരണങ്ങളിൽ വരച്ചിട്ട ബദരിയുടെ വർണ്ണ ചിത്രം മനസ്സിൽ മായാതെ കിടപ്പുണ്ട്. ബദരീക്ഷേത്രം നോക്കി നടന്നു. നര പർവ്വതത്തെയും നാരായണ പർവ്വതത്തെയും ബന്ധിപ്പിക്കുന്ന പാലം ബദരീശ്വനിലേക്ക് , എന്നെ നയിക്കുന്നു. നരനും നാരയണനും കണ്ടു മുട്ടുന്നു. മഞ്ഞു മുടിയ നീലകണ്ം പർവ്വതം കാണാം. ബദരീ ക്ഷേത്രത്തിൽ കയറുന്നതിനു മുമ്പ് തപ്ത കുണ്ടിൽ കുളിക്കണം എന്നു കരുതുന്നു.
ഹിമഭൂമിയിലെ ചൂടുവെള്ളം - തപ്ത കുണ്ട്...
തണുപ്പ് മഞ്ഞായി പെയ്യുന്ന ബദരിയിൽ 40 ഡിഗ്രിയിലധികം ചൂടുള്ള തപ്ത കുണ്ട് വിസ്മയമാണ്. ഗന്ധകപ്പാറയിലൂടെ ഒഴുകി വരുന്ന ജലമായതിനാലാണ് ജലത്തിനീ ചൂട്. ഇതിലെ സ്നാനം ത്വഗ് രോഗങ്ങളെ മാറ്റുമെന്ന വിശ്വാസം ശാസ്ത്ര ദൃഷ്ടിയിൽ ഗന്ധകത്തിന്റെ രോഗശമന ശേഷിയാണ്. ആളുകൾ മുങ്ങി കുളിക്കുകയാണ്. ഞാൻ പതുക്കെ ഒരു കാലിറക്കി നോക്കി.
പൊള്ളുന്ന ചൂട്! പുറത്തുള്ള തണുപ്പ് കൊണ്ട് ചൂടിന്റെ കാഠിന്യമധികമായി തോന്നുന്നുമുണ്ട്. പതുക്കെ ഇറങ്ങി ഇരുന്നു, തിളച്ച വെള്ളത്തിലിരിക്കുന്ന സുഖം!
ആഴം കുറവായതിനാൽ കിടന്നു മുങ്ങണം. കിടന്നു മുങ്ങി !
ദിവസം രണ്ട് - 12 - 05-20l6 വ്യാഴാഴ്ച്ച സമയം രാവിലെ 10 മണി മുതൽ 1 മണി വരെ.
ബദരീശ്വ ദർശനം..
യോഗിയായ വിഷ്ണുവാണ് ബദരീശ്വൻ. യോഗത്തെയും ഭോഗത്തെയും സമന്വയിപ്പിക്കുന്ന മൂർത്തിഭാവം. ശങ്കരഭഗവദ്പാദരാൽ ചിട്ടപ്പെടുത്തിയെന്ന് കരുതപ്പെടുന്ന ക്ഷേത്രാചാരങ്ങൾ. 'ഇന്ത്യ' ബ്രിട്ടീഷുക്കാർ ' യോജിപ്പിച്ച് ' ഇന്ത്യക്കാർക്ക് തരുന്നതിന് നൂറ്റാണ്ടുകൾക്ക് മുമ്പ് ഭാരതത്തിന്റെ തെക്കെ അറ്റമായ കേരളത്തിൽ നിന്ന് മേൽശാന്തിയെ (റാവൽ) വടക്കെ അറ്റത്ത് കൊണ്ട് വന്നു പുജയ്ക്കിരുത്തിയ ശങ്കരവൈഭവം.
ബദരീശ്വൻ ബൗദ്ധർക്ക് ബുദ്ധനാണ്. ഒരുപാട് ബുദ്ധഭിക്ഷുക്കളും അതിനാൽ തീർത്ഥാടകരായുണ്ട്.
ബദരീശ്വൻ മഹാവതാര ബാബാജി നാഗരാജ് ആണ് എന്നും വിശ്വാസമുണ്ട്. ഈ ഹിമഭൂമിയിലെവിടെയോ നമ്മുക്ക് ചെന്നത്താൻ സാധിക്കാത്ത ഒരു ധാമമുണ്ട്. ശ്രീ ഗുരു ബാബാജിയുടെ ഗൗരീശങ്കരപീഠം! അമരത്വത്തിന്റെ ദിവ്യ സ്ഥലി.
നിഗൂഢ ബദരി ....
ബദരീയുടെ നിഗൂഢത ബദരിധാമം ആറു മാസം അടച്ചിടുമ്പോഴാണ്. മഞ്ഞുകാലത്ത് ആറുമാസം ബദരീധാമം അടച്ചിടാറുണ്ട്. ആ സമയത്ത് ആരും കൊടിയ തണുപ്പ് മൂലം അവിടെ നിൽക്കാറില്ല. തമാശയ്ക്ക് പറയാറുണ്ട് ബദരീശ്വൻ തന്നെ ആ സമയത്ത് ജോഷി മഠിൽ വന്നിരിക്കും എന്ന്. റാവൽജിയുടെ സൗകര്യാർത്ഥം പൂജ മുടക്കാതിരിക്കാൻ സ്വരുപം ആറുമാസം ജോഷിമഠിൽ ആയിരിക്കും അതാണ് അങ്ങനെ പറയാൻ കാരണം. എന്നാൽ ആറു മാസത്തിനു ശേഷം ശ്രീകോവിൽ തുറക്കുമ്പോൾ (ഇപ്രാവശ്യം ഇക്കഴിഞ്ഞ 11ാം തീയ്യതി ) ചില വിശിഷ്ട പുഷ്പങ്ങൾ ശ്രീകോവിലിൽ കാണാറുണത്രേ! ആരാണീ പൂക്കൾ ഇവിടെ കൊണ്ട് വന്നിടുന്നത്? ഷാൻ ഗ്രിലയിലെ ആളുകളാണ് എന്നാണ് മാനായിലെ ആളുകൾ പറയുന്നത്.
ഷെർപ്പകളുടെ ബദരി ...
നേപ്പാളി ഷെർപ്പകൾ ആണ് ബദരിയിൽ കയറ്റം കയറാൻ വയ്യാത്ത ആളുകളെ ചുമന്നു എത്തേണ്ടിടത്ത് എത്തിക്കുന്നത്. നാലു പേർ ചേർന്നല്ല കേട്ടോ.. ഒരാൾ ഒറ്റയ്ക്ക്. സങ്കടം തോന്നും അവരുടെ പെടാപാട് കാണുമ്പോൾ. എവറസ്റ്റ് കീഴടക്കിയ എഡ്മണ്ട് ഹില്ലരി ഒരിക്കൽ വെളിപ്പെടുത്തി "ഞാനല്ല ശരിക്കും ആദ്യമെത്തിയത് ടെൻസിംഗ് ആണെന്ന് " ടെൻസിംഗ് നോർഗേ എന്ന ആ ഷെർപ്പ പറഞ്ഞു എനിക്ക് ഇതിന്റെ ക്രെഡിറ്റ് വേണ്ടാ ... എന്റെ ജോലി നിങ്ങളെ സഹായിക്കലാണ് അത് ഞാൻ ചെയ്തു എന്ന് മാത്രം. ബദരിയിൽ ഞാൻ കണ്ട കിഷൻ ഷെർപ്പയും പറഞ്ഞു "ഞങ്ങളുടെ അധ്വാനത്തിന്റെ കൂലി ഞങ്ങൾക്ക് കിട്ടുന്നില്ല പക്ഷേ ബദരീനാഥനു വേണ്ടി ഞങ്ങളിതു ചെയുന്നു ". ടെൻസിംഗിനെ ആരു മറന്നാലും നമ്മൾ ഓർക്കണം ബദരിയിലെ ഈ ഷെർപ്പകളെയും...
ദിവസം രണ്ട് - 12 - 05-20l6 വ്യാഴാഴ്ച്ച സമയം രാവിലെ 1 മണി മുതൽ 3.30 മണി വരെ.
ടിബറ്റിനോട് അതിർത്തി പങ്കിടുന്ന മാനാ ഗ്രാമം ബദരിയിൽ നിന്ന് 3 കി.മി. അകലെയാണ്. ഒരു സ്കോർപ്പിയോ ജീപ്പിന് പോക്ക് വരവിനായി 100 രുപ കൊടുത്ത് കയറി. വഴിയിലവിടവിടെ ജലപ്രവാഹം ഉണ്ട്. വെളുത്ത പാറയുടെ അടിലുടെ ഒലിച്ചു വരുന്ന അമൃത പ്രവാഹം. സൂക്ഷിച്ച് നോക്കിയപ്പോൾ ആണ് മനസ്സിലായത്, അത് വെളുത്ത പാറയല്ല ഐസാണ്!
മാനാ മനോഹരമാണ് ഹിമാലയൻ ഗ്രാമത്തിന്റെ ദൃശ്യ ഭംഗി. ജനങ്ങൾ പ്രധാനമായും കർഷകരാണ്. കൂടാതെ കമ്പിളി കൊണ്ടു തുന്നിയ പുതപ്പുകൾ തൊപ്പികൾ, കുപ്പായങ്ങൾ ഒക്കെ സഞ്ചാരികൾക്ക് വിറ്റാണ് ഉപജീവനം.1962 നു മുമ്പ് വരെ ചൈനയുമായും ടിബറ്റുമായും വ്യാപാരം നടത്തിയവരായിരുന്നു മാനാ നിവാസികൾ . 1962 ൽ ചൈന ഭാരതത്തെ ആക്രമിച്ചപ്പോൾ എല്ലാ വ്യാപാര ബന്ധങ്ങളും അവസാനിപ്പിച്ചു. പക്ഷേ മാനാക്കാരെ സർക്കാർ പട്ടിക വർഗ്ഗക്കാരായി പ്രഖ്യാപിച്ചു. അതു കൊണ്ട് ഇന്ന് മാനാക്കാർ സർക്കാർ ജോലികളിലൊക്കെയുണ്ട്. മാനാ അതി മനോഹരമാണ്. മാനായുടെ സൗന്ദര്യമറിയണമെങ്കിൽ ഒരു ദിവസമെങ്കിലും മാനാക്കാരുടെ കൂടെ തങ്ങണം. അവരുടെ കഥകൾ കേൾക്കണം. ഗന്ധർവ്വ , കിന്നരന്മാരുമായി അവരുടെ സമ്പർക്കത്തിന്റെ കഥകൾ...
മാനാ വളരെ ഉയരത്തിലാണ്.
മാനായിൽ എത്തിയപ്പോൾ മുതൽ അന്തരീക്ഷ മർദ്ദം കാരണം രണ്ടു ചെവികളും കഠിനമായി വേദനിക്കുന്നുണ്ടായിരുന്നു. ഈ ഗ്രാമത്തിലാണ് വ്യാസ ഗുഹയും, ഗണപതി ഗുഹയും ഉള്ളത്. ഇവിടെയാണ് സരസ്വതി നദി ഒളിച്ചു കളിക്കുന്നത്. ഇവിടെയാണ് ഭാരതത്തിലെ അവസാന കടയുളത്. മാനാ ഒരു അനുഭൂതിയാണ് ....
വ്യാസ ഗുഹയ്ക്കകത്ത് ....
കൃഷ്ണദ്വൈപായനൻ, സത്യവതി എന്ന മുക്കുവ സ്ത്രിക്ക് പരാശരനിലുണ്ടായ പുത്രൻ. മഹാഭാരത കർത്താവും ഒപ്പം അതിലെ കഥാപാത്രവും. വേദങ്ങളെ പകുത്തത് കൊണ്ട് വേദവ്യാസൻ എന്ന് പേര്. എല്ലാ പുരാണങ്ങളും ഒറ്റയ്ക്ക് രചിച്ചു. ഇവയെല്ലാം രചിച്ചത് മാനായിലെ ഈ വിശാല ഗുഹയക്കകത്തിരുന്നാണത്രെ! അയ്യായിരത്തിലധികം വർഷം പ്രായമുണ്ട് ഈ ഗുഹയ്ക്ക് . ഇതിലിരുന്നു കൊണ്ട് ഗണപതിയ്ക്ക് ( പുള്ളി ആയിരുന്നു സ്റ്റെനൊഗ്രാഫർ) ചൊല്ലി കൊടുത്ത് എഴുതിച്ചതാണ് മഹാഭാരതം! ഗണപതിയ്ക്ക് സ്വന്തമായി ഒരു ഗുഹയുണ്ട് അപ്പുറത്ത്. വ്യാസ ഗുഹയക്കകം സാമാന്യം വിസ്തൃതമാണ്. ഉള്ളിൽ കയറിയാൽ വ്യാസഭഗവാന്റെ ഒരു വിഗ്രഹമുണ്ട്. അവാച്യമായ ഒരു ശാന്തി നമ്മുക്കുള്ളിൽ അനുഭവിക്കാം. ഐൻസൈക്ലോപീഡിയ വരെ എഴുതി പോകും അത്രയ്ക്ക് സ്വൈര്യം....
സരസ്വതിയുടെ ഒളിച്ചുകളി....
ഗംഗയും സിന്ധുവും സരസ്വതിയും വേദങ്ങളിൽ വരെ പ്രതിപാദിക്കപ്പെട്ട നദികൾ. എന്നാൽ ഇന്നു സരസ്വതി എവിടെ? രാജസ്ഥാന്റെ അടിയിലൂടെ ഒളിച്ചോഴുകുകയാണ് പോലും, നാസ പറയുന്നതാണ്. സരസ്വതി എന്ന നദിയുണ്ടെന്ന് ഭാരതീയർ പറഞ്ഞപ്പോൾ അതു വേദ വിഢിത്തം!
സരസ്വതിയുടെ ധാര കാണാം , തൊടാം രുചിക്കാം മാനയിൽ വെച്ച്. കൈലാസ മാനസസരോവരത്തിൽ നിന്നാണീ ധാര വരുന്നതത്രെ. നമ്മുക്കു മുന്നിൽ ഇവിടെ മാത്രമാണ് സരസ്വതി മുഖം തരുന്നത് പിന്നെ ഭൂമിക്കടിയിലേക്ക് പോകുന്നു ഈ ദിവ്യ നദി.
അവസാനത്തെ കട!
മാനയിലാണ് ഭാരതത്തിലെ അവസാനത്തെ കടയുള്ളത് . അവസാനത്തെ കടയിൽ നിന്നൊരു ചായ കുടിക്കാം എന്നിട്ട് ഫേസ് ബുക്കിൽ " അവസാനത്തെ കടയിൽ നിന്നൊരു ചായ !" എന്നൊക്കെ തലക്കെട്ടു കൊടുക്കാം എന്നു കരുതി പോയതാണ്. അവിടെ ചായയില്ല പകരം സരസ്വതിയിലെ വെള്ളം കുപ്പിയിൽ ആക്കി വെച്ചിരിക്കുന്നു. പിന്നെ കുറെ ഫോട്ടോകൾ, കുങ്കുമം ഇത്യാദി ആത്മീയ വസ്തുക്കളും മാത്രം . എന്തായാലും വേണ്ടില്ല ഇതിന്റെ മുമ്പിൽ നിന്നൊരു ഫോട്ടം പിടിക്കാല്ലോ എന്ന് തീരുമാനിച്ച് അത് ചെയ്തു.
മൂന്നര മണി വരെ മാനായിൽ ചുറ്റി തിരിഞ്ഞു പിന്നെ ബദരിയ്ക് മടങ്ങി. ഇന്ന് ബദരിയിൽ തങ്ങണo എന്നാണ് പദ്ധതി. ബദരിയിൽ എത്തിയപ്പോൾ തണുപ്പ് കഠിനമായി തുടങ്ങിയിരുന്നു. ഇന്നീ തണുപ്പ് തടയാനുള്ള വസ്ത്ര സാമഗ്രികൾ എന്റെ കെെയ്യിൽ ഇല്ല. അതു കൊണ്ട് പിന്നീടാവാം ബദരീശ്വന്റെ കൂടെ രാത്രി താമസം എന്നു കരുതി തിരിച്ചു. ഒരു ടാറ്റാ സുമോ കിട്ടി 6 മണിയായപ്പോഴേക്കും ജോഷിമഠിൽ എത്തി.
ദിവസം മൂന്ന്- 13- 05-20l6 വെള്ളിയാഴ്ച്ച സമയം രാവിലെ 10 മണി മുതൽ 3.00 മണി വരെ.
ഔലി ഭൂമിയിലെ സ്വർഗ്ഗം .... കരടികളുടെയും കഞ്ചാവിന്റെയും....
ജോഷിമഠിൽ നിന്ന് 14 കി.മി. അകലെയാണ് ഔലി. വിനോദ സഞ്ചാര പ്രാധാന്യമുള്ള സ്ഥലമാണ് ഇവിടം. ജോഷിമഠിൽ നിന്ന് കാടു വഴി നടന്നു പോയാൽ 4-5 കി.മി ഉള്ളൂ ഔലിയ്ക്ക് . മഞ്ഞ് കാലത്ത് ഔലി മുഴുവൻ മഞ്ഞണിയും. അതാണ് ഔലിയിലെ സീസൺ. ദേശീയ സ്ക്കിയിംഗ് മത്സരത്തിന്റെ വേദിയാണ് ഔലി.
റാണാജിയുടെ ഒരു ശിഷ്യൻ ഇന്ന് 9.30 മണിയാവുമ്പോഴേക്കും എന്റെ റൂമിൽ എത്താം എന്നു പറഞ്ഞിരിന്നു. ഞങ്ങൾ രണ്ടു പേരും കൂടെ നടന്നു പോകാം എന്നാണ് പദ്ധതി. 9.45 ആയപ്പോൾ അനിൽ പന്മാർ വന്നു. "സർ നടന്നു പോകൽ റിസ്ക്കാണ്. ഇന്നലെ കാടു വഴി നടന്ന അഞ്ചു പേരെ കരടി ആക്രമിച്ചു. ഇപ്പോൾ നിറയെ പെൺ കരടികളാണ് കാട്ടിൽ " . മല്ലന്റെയും മാധേവന്റെയും കഥ അത്ര വിശ്വാസ യോഗ്യമല്ല പ്രത്യേകിച്ച് കഥയിൽ കരടിയുടെ ലിംഗം പറഞ്ഞിട്ടില്ല. ഇവിടെ ഇപ്പോൾ പ്രശ്നം പെൺകരടികളാണല്ലോ. പോരാത്തതിന് കരടിയോട് തല്ലു പിടിച്ചതിന് ഓസ്ക്കാറൊന്നും കിട്ടാനില്ലല്ലോ. അതു കൊണ്ട് ആ പദ്ധതി ഉപേക്ഷിച്ചു.
ഔലിയിലേക്ക് റോപ്പ് വേ ഉണ്ട് ആളൊന്നിന് 700 രൂപ. അതും ഉപേക്ഷിച്ചു. ജീപ്പിന് പോയാലും അത്ര തന്നെ വരും . വെറെയെന്താണ് വഴി? ബൈക്കായല്ലോ? വാടകയ്ക്ക് ബൈക്കുണ്ടോ എന്ന് നോക്കി, കിട്ടിയില്ല. ഒടുവിൽ അടുത്തൊരു വിവേകാനന്ദ കേന്ദ്രം ഉണ്ട് അതിന്റെ മേധാവിയെ കണ്ടു. ഞാൻ കന്യാകുമാരി വിവേകാനന്ദ കേന്ദ്രവുമായി ചേർന്നു പ്രവർത്തിച്ചിട്ടുണ്ട് എന്ന് പറഞ്ഞ ഉടനെ അദ്ദേഹം മറ്റൊരു പ്രവർത്തകനെ വിളിച്ച് എനിക്ക് ബൈക്കു തരാൻ പറഞ്ഞു.
അങ്ങനെ ഔലിയിലേക്ക് ബൈക്കിൽ.
പാതയ്ക്കിരു വശവും ധാരാളം കഞ്ചാവ് ചെടികൾ വളർന്നിരിക്കുന്നു ( ബോബ് മാർലിയുടെ ടീ ഷർട്ട് ഇട്ടാൽ പിടിക്കുന്ന സർക്കാറിനെ 'ഭയന്ന് ' ഫോട്ടോ ഇടുന്നില്ല :-) ). ഉത്തരാഖണ്ഡിലാരും കഞ്ചാവ് വെട്ടി കളയാറില്ല. അവർക്കിതു മറ്റേതു ചെടിയും പോലെ മാത്രം. ഈയ്യിടെയായി നമ്മുടെ നാട്ടിൽ ഒരു കഞ്ചാവ് മഹത്വവൽക്കരണം ഉണ്ടല്ലോ. സ്വാമിയെന്നും, ശിവമൂലിയെന്നും ഓമനപ്പേരിട്ട് വിളിച്ച്. കഞ്ചാവ് മറ്റെതൊരു ലഹരിയെയും പോലെ നിങ്ങളെ പറ്റിക്കും. മായാ ലോകത്തെത്തിക്കും, ബോധമില്ലായ്മയല്ല ആത്മീയത സമ്പൂർണ്ണ ബോധമാണ്. ശിവന് 'ഭാംഗിന്റെ തമ്പുരാൻ ' എന്നൊരു പേരുണ്ട്. ശിവൻ ഉപയോഗിക്കുമ്പോൾ ശിവനാണ് തമ്പുരാൻ നമ്മൾ ഉപയോഗിക്കുമ്പോൾ ഭാംഗ് നമ്മുടെ തമ്പുരാനാവും. മയക്ക് വസ്തുക്കൾക്ക് പോലും മയക്കാനാവാത്ത ബോധമത്രേ ശിവം! അത് കൊണ്ട് കഞ്ചാവിന് അതിന്റെ ഔഷധ ഗുണത്തെ മാറ്റി നിർത്തിയാൽ ഒരു ആത്മീയ മൂല്യവും ഇല്ലാ...
മൂന്നാം ദിവസം :
ദിവസം മൂന്ന്: 13-05-2016 വെള്ളിയാഴ്ച്ച
ഋഷികേശിലേക്ക് ...
ഇന്ന് തിരിക്കുകയാണ് ജോഷിമഠിൽ നിന്നും. ഋഷികേശിൽ തങ്ങണം, എന്നാണ് മനസ്സിൽ. ജോഷിമഠിൽ നിന്ന് ഒരു ടാറ്റാ സുമോയ്ക്ക് 550 രൂപ കൂലി പറഞ്ഞുറപ്പിച്ചു. ശരിക്കും 500 രുപയേ ഉള്ളൂ, വഴിയിൽ നിർത്തി കൂടുതൽ ആളുകളെ കയറ്റി ബുദ്ധിമുട്ടിക്കാതിരിക്കാനാണ് 50 രൂപ അധികം കൊടുത്തത്.
രാവിലെ 9.00 മണിയായപ്പോൾ ഡ്രൈവർ വണ്ടിയെടുത്തു. എട്ടു മണിക്കൂർ ഉറങ്ങിയും ഉണർന്നും ചിന്തിച്ചും കാഴ്ച്ചകൾ കണ്ടും ഋഷികേശിലെത്തി.
ഗംഗയ്ക്ക്ക്കു കുറുകെ കെട്ടിയ വലിയ തൂക്കുപാലമാണ് ലക്ഷമൺ ഝൂലാ. അവിടെയാണ് വണ്ടിയിറങ്ങിയത്. ഋഷികേശ് നിറയെ ആളുകളാണ്. ശനി - ഞായർ അവധി ഗംഗയിൽ റാഫ്റ്റ് ചെയ്തും, ഉയരത്തിൽ നിന്ന് തലകുത്തനെ ചാടിയും ആഘോഷിക്കാൻ വന്നവർ! ഞാനൊരു മുറിയന്വേഷിച്ചു കുറെ നടന്നു. എവിടെയും ഒഴിവില്ല നല്ല തിരക്ക്. നടന്നു നടന്നു രാം ഝൂല വരെയെത്തി, ലക്ഷ്മൺ ഝൂലയിൽ നിന്ന് 1-2 കി.മി ഉണ്ട് രാം ഝൂലയിലേക്ക്. അവിടെയും ഇല്ല രക്ഷ. ഒടുവിൽ വിക്രം കയറി ടൗണിലേക്ക് പോയി. അവിടെ ഒരു കേദാർ - ബദരി ക്ഷേത്ര സമിതി വക അതിഥി മന്ദിരമുണ്ട്. അവിടെ കാണും റും.
ഋഷികേശിലെ കൂട്ടുക്കാരൻ - വിക്രം
പേര് കേട്ടാൽ ഒരാളാണ് എന്ന് തോന്നുമെങ്കിലും ആൾ ഒരു വാഹനമാണ്. നമ്മുടെ ഓട്ടോ റിക്ഷയുടെ മൂത്ത ചേട്ടനായി വരും. പത്തു പേരെ യെങ്കിലും കയറ്റാൻ പറ്റുന്ന വണ്ടിയാണ് വികം. ഋഷികേശിലും ഹരിദ്വാറിലും വളരെ ചിലവു കുറഞ്ഞു യാത്ര ചെയ്യാവുന്ന ഒരു വാഹനമാണ് നമ്മുടെ സ്വന്തം വിക്രം!
ഋഷികേശിലെ ഗംഗ....
306ാം നമ്പ്ര റൂം എടുത്തു. കുളിയൊക്കെ ഗംഗയിലാവാം എന്നു കരുതി പെട്ടന്ന് ഗംഗാ ഗാട്ടിലേക്ക് നടന്നു. ഗംഗ പതഞ്ഞൊഴുകുകയാണ്. ഋഷികേശിന്റെ സൗന്ദര്യം ലക്ഷമൺ ഝൂലയിലാണ് എന്നൊകെ ആളുകൾ പറയുമെങ്കിലും. എനിക്ക് ഗംഗയെ ഇഷ്ടം ഇവിടെയാണ്. ബഹളത്തിനിടെയില്ലെ പ്രശാന്തത!
ആളുകൾ മുങ്ങിയും ചാടിയും കൂകിയാർത്തും ആനന്ദിക്കുയാണ്. ചിൽ ദ സമ്മർ എന്നൊക്കെ വിളിച്ചാർക്കുന്നുണ്ട്. ഒരു 70 വയസ്സായ 'കുട്ടി' ഭാര്യ പറഞ്ഞത് കേൾക്കാതെ ഗംഗയിൽ ചാടി മറിയുകയാണ്!
പതുക്കെ കാലുകൾ വച്ചു ഐസിന്റെ തണുപ്പ്! ഇറങ്ങി മുങ്ങി! എന്തൊരു സുഖം! ഗംഗ അത്ഭുതമാണ്. കരയിൽ കയറി ഒരു ഒറ്റ മുണ്ട് മാത്രം ഉടുത്തിരുന്നു കണ്ണുകളടച്ചു. വെറുതെ കണ്ണുകളടച്ചാൽ മതി ധ്യാനം സംഭവിക്കും. നെറ്റിയിലൊരു തണുപ്പ് ഗംഗാ ആരതി തുടങ്ങാനായി ആരൊ എന്റെ നെറ്റിയിലൊരു പൊട്ടു തൊട്ടിരിക്കുന്നു. ഗംഗാ ആരതി കാണാനായി എഴുന്നേറ്റു.
ഗംഗാ ആരതി ....
ഈ സംസ്കൃതി വ്യത്യസ്തമാവുന്നത് ചരാചരങ്ങളോടുള്ള പ്രേമം ഒന്നു കൊണ്ട് മാത്രമാണ്. മലയെയും പുഴയെയും കടലിനെയും ആരാധിക്കുക വഴി സ്വന്തം അസ്തിത്വത്തെ തന്നെയാണ് അറിയുന്നത്.
ദീപങ്ങൾ ഉയരുന്നു. 'ജയ് ഗംഗാ മയ്യ ...' ഗീതമുയരുന്നു. ആളുകൾ പ്രാർത്ഥനാ നിർഭരരാവുന്നു. കണ്ഠങ്ങളിൽ ഗംഗാ ജയ് ആരവം. ഹൃദയങ്ങളിൽ ജന്മ ദുഖം അകറ്റുന്ന ദേവ ഗംഗയോടുള്ള അളവറ്റ നന്ദി.. ഒരിക്കലെങ്കിലും ഈ അസുലഭ മുഹൂർത്തത്തിനു സാക്ഷ്യം വഹിക്കണം.
ഗഢ് വാളിയോ മലയാളിയോ?
ഋഷികേശിൽ ഒരു ഗഢ് വാൾ ഹോട്ടലുണ്ട്. നല്ല ഭക്ഷണം. അവിടുത്തെ മാനേജർ ചേട്ടനെ കണ്ടാൽ മലയാളി ആണെന്നു തോന്നും നമ്മുടെ കൊതുക് നാണപ്പന്റെ ഒര് ലുക്കാണ്. എങ്ങനെയാ ഇപ്പം ചോദിക്കാ? അങ്ങനെ ആലോചിച്ചു നിൽക്കുമ്പോഴാണ്. വില വിവര ബോർഡിൽ എഴുതിയത് കണ്ടത് 'കേരളാ കാട്ട്ലാ ' 90 രൂപ. പിന്നെ ഒന്നും ഓർത്തില്ല നേരെ ചോദിച്ചു കേരളത്തിലെവിടെയാ? അയാൾ മനസ്സിലാകാത്ത പോലെ എന്റെ മുഖത്തേക്ക് നോക്കി ഞാൻ ആവർത്തിച്ചു 'മലയാളി അല്ലേ?' അയാൾ മനസ്സിലാവുന്നില്ല എന്ന മുഖഭാവത്തത്തോടെ വീണ്ടും നോക്കി . || 'അല്ല ല്ലേ?' ചമ്മി പോയി! കേരളാ കാട്ട്ലാ കണ്ട് ചോദിച്ചതാണെന്ന് പറഞ്ഞു. അയാൾ ചിരിച്ചു കൊണ്ട് ഗഢ് വാളി കലർന്ന ഹിന്ദിയിൽ പറഞ്ഞു. കേരള അല്ല കരേലാ എന്നാണ് (കരേലാ എന്നാൽ പാവയ്ക്കാ). എന്തായാലും ചമ്മൽ മറയ്ക്കാൻ കൂടെ നിന്നൊരു ഫോട്ടോ എടുത്തു.
അഞ്ചാം ദിവസം
ദിവസം : അഞ്ച് 16-05-16 തിങ്കളാഴ്ച്ച
സമയം 8.00- 12.45 വരെ
ഹരിദ്വാർ ....
ഹിമാലയ കവാടമാണ് ഹരിദ്വാർ. രണ്ട് ദിവസം ഋഷികേശിൽ തങ്ങിയതിന് ശേഷം. ഇന്ന് ഡൽഹിയിലേക്ക് തിരിക്കുകയാണ്. ഹരിദ്വാറിൽ നിന്നാണ് തീവണ്ടി. രാവിലെ ഋഷികേശിൽ നിന്ന് വിക്രം കയറി. 10 മണിയായപ്പോൾ ഹരിദ്വാർ എത്തി. 'ഹർ കി പൗഡി യിലൂടെ ' നടന്നു.
ഹരിദ്വാർ പൊള്ളുകയാണ് ആ ചൂടിലും ഗംഗ നിറഞ്ഞ് കുളിർന്ന് ഒഴുകുകയാണ് ആളുകൾ ചൂടകറ്റാൻ ചാടി കുളിക്കുന്നു ണ്ട്.
കുറച്ചു സമയം അവിടെ ചിലവഴിച്ച ശേഷം ഞാൻ തീവണ്ടിയാപ്പീസിലേക്ക് പോയി. ഇതെഴുതി കൊണ്ടിരിക്കുമ്പോൾ അശരീരി വന്നു തീവണ്ടി ഒന്നാം നമ്പ്ര പ്ലാറ്റ്ഫോമിൽ നിന്നും മൂന്നിലേക്ക് മാറ്റിയിരിക്കുന്നു. ഞാൻ എന്റെ ബാഗുമെടുത്ത് ഓടട്ടെ.....
ഹിമാലയൻ ഡയറിക്കുറിപ്പുകൾ ഇവിടെ ഈ ഹിമാലയൻ യാത്രയോടൊപ്പം അവസാനിക്കുന്നു.... നന്ദി.












































Ram Super...
മറുപടിഇല്ലാതാക്കൂഇനിയും പോകുന്നുണ്ടോ
മറുപടിഇല്ലാതാക്കൂ